
കൊച്ചി: സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ 47,79,937 പേർ തൊഴിലന്വേഷകരായുണ്ടെന്ന് കുടുംബശ്രീ സർവേ. മേയ് 8 മുതൽ 15 വരെ 71,57,042 വീടുകൾ സന്ദർശിച്ചായിരുന്നു വിവരശേഖരണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പായതിനാൽ വൈകി ആരംഭിച്ച എറണാകുളം ജില്ലയിലെ സർവേ തുടരുകയാണ്. ഇരുപതോടെ ഇത് പൂർത്തിയാകും. അതോടെ സംഖ്യ ഇനിയും ഉയരും.
20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാർ പദ്ധതിയുടെയും നോളേജ് ഇക്കോണമി മിഷന്റെ 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെയും ഭാഗമായിരുന്നു സർവേ. കുടുംബശ്രീയുടെ 73,500 എന്യൂമറേറ്റർമാർ പങ്കെടുത്തു.
വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും അനുയോജ്യമായ ജോലി ലഭിക്കാത്തവർ, കൊവിഡ് പ്രതിസന്ധിയിൽ ജോലിനഷ്ടമായവർ, പലകാരണങ്ങളാൽ ജോലിയിൽനിന്ന് ഇടവേള എടുക്കേണ്ടിവന്ന സ്ത്രീകൾ തുടങ്ങിയവരെ പ്രത്യേകം പരിഗണിച്ചു. ഇവർക്ക് ഇംഗ്ലീഷ് ഭാഷാപഠനം, മോക് ഇന്റർവ്യൂ എന്നിവ നൽകും. തുടർന്ന് കെ-ഡിസ്കുമായി സഹകരിക്കുന്ന വിവിധ ഏജൻസികളിൽ അപേക്ഷിക്കാം. സ്ഥിരം, പാർട്ട് ടൈം, ഫ്രീലാൻസ് ജോലികളാണ് ലഭ്യം. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും.
20 ലക്ഷംപേർക്ക് ജോലി നൽകാനാണ് ഉദ്ദേശമെങ്കിലും അതിലേറെപ്പേർക്ക് ലഭിക്കും. 2026 ഓടെ എല്ലാവർക്കും ജോലിയാണ് ലക്ഷ്യം.
ഡോ. സി. മധുസൂദനൻ,
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ,
നോളജ് ഇക്കോണമി മിഷൻ.
ജില്ല തിരിച്ചുള്ള കണക്ക്
(എറണാകുളം ഒഴികെ)
തിരുവനന്തപുരം- 481283
കൊല്ലം- 499978
പത്തനംതിട്ട- 200409
ആലപ്പുഴ- 384227
കോട്ടയം- 309309
ഇടുക്കി- 174775
തൃശൂർ- 495660
പാലക്കാട്- 418696
മലപ്പുറം-596475
കോഴിക്കോട്- 492195
വയനാട്- 144869
കണ്ണൂർ- 383103
കാസർകോഡ്-198958
 തൊഴിൽ തേടുന്നത്
ആകെ: 47,79,937
സ്ത്രീകൾ: 58%
പുരുഷന്മാർ: 42%
(*ട്രാൻസ്ജെൻഡർ കണക്കുകൾ നിർണയിച്ചിട്ടില്ല )
 ഏറ്റവുമധികംപേർ മലപ്പുറത്തും കൊല്ലത്തും
മലപ്പുറം : 5,96,475
കൊല്ലം : 4,99,978
ഏറ്റവും കുറവ് വയനാടും ഇടുക്കിയിലും
വയനാട്: 144869
ഇടുക്കി: 174775
യോഗ്യതാക്കണക്ക്
 ഐ.ടി.ഐ: 2,55,946
 ഡിപ്ളോമ: 3,74,330
 പ്ളസ് ടു: 22,08,981
 ഡിഗ്രി : 14,62,598
 പി.ജി: 4,78,086
പ്രായക്കണക്ക്
 20ൽ താഴെ: 5,52,139
 21- 30: 26,12,361
 31-40: 11,22,125
 41 - 50: 3,84,013
 51- 56: 94,476
 56ന് മുകളിൽ: 14,823