300 കാമറകൾ സ്ഥാപിക്കും

കൊച്ചി: മാലിന്യം വലിച്ചെറിയുന്നത് ചോദ്യം ചെയ്തതിന് കൊച്ചി കോർപ്പറേഷനിലെ മൂന്നു വനിത കൗൺസിലർമാർക്ക് മർദ്ദനമേറ്റത് അടുത്ത കാലത്താണ്. പ്രതിഷേധസമരങ്ങൾ കഴിഞ്ഞതോടെ വിഷയം ആറിത്തണുത്തു. നഗരത്തിന്റെ പല ഭാഗവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി. എന്നാൽ മാലിന്യം നിക്ഷേപിക്കുന്നവരെ കൈയോടെ പിടികൂടാൻ സി.സി ടി.വി കാമറ സ്ഥാപിക്കാനുള്ള നിർദ്ദേശം ഇതു വരെ നടപ്പായില്ല.

അതിനിടെ പൊതുസ്ഥലത്തേക്ക് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി സി.സി ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് പൊലീസും കോർപ്പറേഷന് നിർദ്ദേശം നൽകി. തുടർന്ന് ബി. ഒ.ടി അടിസ്ഥാനത്തിൽ കാമറകൾ സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. രണ്ടു കമ്പനികൾ ടെൻഡറിൽ പങ്കെടുത്തു. ഇതിൽ നിന്ന് കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സതേൺ ഇലക്‌ട്രിക്കൽ ആൻഡ് സെക്യൂരിറ്റി സിസ്റ്റംസെന്ന ഏജൻസിയെ ആരോഗ്യ, നഗരാസൂത്രണ സമിതികൾ തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ ഈ അജണ്ട വീണ്ടുമെത്തി. എന്നാൽ ടെൻഡർ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് രണ്ട് ഇംഗ്ളീഷ് മാദ്ധ്യമങ്ങളിൽ കൂടി നൽകണമെന്ന പ്രതിപക്ഷത്തിന്റെ നിർദ്ദേശം കണക്കിലെടുത്ത് ഫയൽ വീണ്ടും മാറ്റിവച്ചു.

ഫ്ളാറ്റുകളിലും വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും നിന്ന് മലിനജലവും മാലിന്യവും ഓടയിലേക്കും കനാലിലേക്കും തോടുകളിലേക്കും ഒഴുക്കുന്നതും നിക്ഷേപിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ പിഴയും നിയമനടപടികളും നേരിടണമെന്ന് നിയമമുണ്ട്. കോടതിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കാമറ സ്ഥാപിക്കാൻ കോർപ്പറേഷൻ നിർബന്ധിതരായത്.

 അത്യാധുനിക നിരീക്ഷണ

സംവിധാനം

സതേൺ ഇലക്‌ട്രിക്കൽ ആൻഡ് സെക്യൂരിറ്റി സിസ്റ്റംസിന് കോഴിക്കോട് കോർപ്പറേഷൻ, കണ്ണൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ വിജയകരമായി സി.സി ടി.വി പ്രവർത്തിപ്പിച്ച് പരിചയമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക കാമറയുടെ പരിപാലനവും ഏജൻസിക്കാണ്. പത്തു വർഷത്തേക്കാണ് കരാർ. ഈ ഇടപാടിൽ കോർപ്പറേഷന് യാതൊരു സാമ്പത്തിക ബാദ്ധ്യതയുമില്ല. നിശ്ചിത മേഖലകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് ഏജൻസിക്ക് അനുമതി നൽകണമെന്നാണ് നിബന്ധന. ഇതിൽ നിന്നുള്ള വരുമാനം ഏജൻസിക്ക് അവകാശപ്പെട്ടതാണ്. 300 കാമറകളാണ് നഗരത്തിലും പശ്ചിമകൊച്ചിയിലുമായി സ്ഥാപിക്കുന്നത്. ഒരു കിലോ മീറ്റർ ദൂരെ വരെയുള്ള ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള കാമറകൾ സിറ്റി പൊലീസിന്റെ നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിക്കും. പ്രതികളെ ഉടനടി കണ്ടെത്താൻ പൊലിസിന് കഴിയും.

സി.സി ടി.വി ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളില്ലാതെ നഗരത്തിന് ഇനി മുന്നോട്ടു നീങ്ങാൻ കഴിയില്ല. എന്നാൽ ഇതിനെല്ലാം ഇടങ്കോലിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

ടി.കെ. അഷ്‌റഫ്

ചെയർമാൻ

ആരോഗ്യസ്ഥിരം സമിതി