അങ്കമാലി: നാവിനു കാൻസർ ബാധിച്ചു ഭക്ഷണം ഇറക്കാനും സംസാരിക്കാനും ബുദ്ധിമുട്ടിയ രോഗിക്ക് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ സൗഖ്യം.

തൃശൂർ സമ്പാളൂർ ചെമ്മശ്ശേരി വീട്ടിൽ ഫ്രാൻസിസിനാണ് (72) വൈദ്യശാസ്ത്രത്തിന്റെ മികവിൽ പുതിയ നാവ് ലഭിച്ചത്. കാൻസർ ബാധിച്ച് ഫ്രാൻസിസിന്റെ നാവിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.നാവിൽ നിന്നും ടോൺസിൽസിലേക്കും കഴുത്തിലെ കഴലയിലേക്കും കാൻസർ പടർന്നിരുന്നു. ഈ ഭാഗവും നീക്കം ചെയ്യേണ്ടിവന്നു. തുടർന്ന് നെഞ്ചിലെ പേശിയിൽ നിന്ന് ഒരു ഭാഗമെടുത്ത് മാറ്റപ്പെട്ട നാവന്റെ ഭാഗം പുനർനിർമ്മിച്ചു നൽകുകയായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞു മൂന്നാഴ്ചക്കുശേഷം സുഖംപ്രാപിച്ച രോഗിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. സങ്കീർണ്ണമായ‘ഹെമിഗ്ലോസ്ക്ടമി വിത്ത് മോഡിഫൈഡ് റാഡിക്കൽ നെക്ക് ഡിസെക്ഷൻ ആൻഡ് പെക്ടോറാലിസ് മേജർ മയോക്യൂട്ടേനിയേസ് ഫ്ലാപ് എന്ന ശസ്ത്രക്രിയ വഴിയാണ് സൗഖ്യം ലഭിച്ചത്. പത്ത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഇ.എൻ.ടി ആൻഡ് ഹെഡ്നെക്ക് സർജറി വിഭാഗം മേധാവി ഡോ. പ്രശോഭ് സ്റ്റാലിൻ നേതൃത്വം നൽകി. ഡോ. പി.പി. സന്തോഷ് കുമാർ, ഡോ. മഞ്ജു മാത്യു എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. ഇവരെ ഡയറക്ടർ ഫാ. ഡോ. വർഗ്ഗീസ് പൊട്ടയ്ക്കലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. തോമസ് വാളൂക്കാരൻ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. വർഗ്ഗീസ് പാലാട്ടി, ഫാ. റോക്കി കൊല്ലംകുടി, ജനറൽ മാനേജർ ജോസ് ആന്റണി എന്നിവരും സന്നിഹിതരായിരുന്നു.