 
കോലഞ്ചേരി: പട്ടിമറ്റം അത്താണി കനാൽപാലത്തിനടുത്ത് വീടിന്റെ പിൻവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് 3.14 ലക്ഷം രൂപയും ഏഴര പവൻ സ്വർണവും കവർന്നു. വാട്ടർ അതോറിറ്റി കരാറുകാരൻ തണ്ടക്കാല മൈതീന്റെ പട്ടിമറ്റം - നെല്ലാട് റോഡിനോട് ചേർന്നുള്ള വീട്ടിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു കവർച്ച. വീടിന്റെ മുകൾ നിലയിലെ പിൻവാതിലിന്റെ ടവർ ബോൾട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. കിടപ്പുമുറിയിലെ ഭിത്തിയിലെ അലമാരയിൽ പണവും സ്വർണവും വച്ചിരുന്ന ഭാഗം പൂട്ടി താക്കോൽ തൊട്ടടുത്ത കള്ളിയിലെ തുണിക്കടിയിൽ വച്ചിരുന്നു. ഇത് കൈക്കലാക്കിയാണ് കവർച്ച നടത്തിയത്. തൊഴിലാളികൾക്ക് കൊടുക്കാനായി വ്യാഴാഴ്ച വൈകിട്ട് ബാങ്കിൽ നിന്നെടുത്ത 3 ലക്ഷം രൂപയും പേഴ്സിൽ 14000 രൂപയും അലമാരയിൽ വച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ മൈതീൻ ഉറക്കമുണർന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഭിത്തിയിലുണ്ടായിരുന്ന ക്ളോക്ക് മോഷ്ടാവ് എടുത്തുമാറ്റിയതാണ് സമയം നോക്കാൻ ശ്രമിച്ച മൈതീന് സംശയത്തിനിടയായത്. മണിക്കൂർ അലാറമുള്ളതാകാം ക്ളോക്ക് മാറ്റാൻ കാരണമെന്നാണ് സംശയം. ഇത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കുന്നത്തുനാട് എസ്.ഐ എം.പി. എബിയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.
വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഡബിൾപാലം മുണ്ടേക്കുടി അനസിന്റെ വീട്ടിലെ കാർപോർച്ചിൽ മാരകായുധങ്ങളുമായി കൈയ്യുറയിട്ട് കിടന്നുറങ്ങുന്ന ഒരാളെ കണ്ടെത്തിയിരുന്നു. പള്ളിയിൽ പോകാൻ അനസ് എഴുന്നേറ്റപ്പോഴായിരുന്നു സംഭവം. അയൽവാസികളെ വിളിച്ചു വരുത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. പൊലീസ് നായ വന്ന് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.