
കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ വാർഷിക ദിനമാണ് ജൂൺ 12 . ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന ആദ്യ കേരള മന്ത്രിസഭയെ പുറത്താക്കാൻ പ്രതിപക്ഷപാർട്ടികളും മതമേലദ്ധ്യക്ഷന്മാരും ചില സമുദായ സംഘടനകളും ചേർന്ന് നടത്തിയതായിരുന്നു വിമോചനസമരം. രാജഭരണകാലം മുതൽ തിരുവിതാംകൂറിൽ ഇത്തരം ശക്തികൾക്ക് വളരെ സ്വാധീനവും പ്രാബല്യവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും അവരുടെ ശക്തി വർദ്ധിച്ചു. ഇത്തരം ദുഷ്ടശക്തികളെ അതിജീവിച്ച് ജനോപകരപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതാണ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വിനയായത്. വിദ്യാഭ്യാസബില്ലിനോടു കത്തോലിക്കസഭയ്ക്കും കാർഷികബന്ധ ബില്ലിനോട് നായർ സർവീസ് സൊസൈറ്റിയ്ക്കും തോന്നിയ വിപ്രതിപത്തിയാണ് വിമോചന സമരമായി ആളിക്കത്തിയതും സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചതും.
1957 ഏപ്രിൽ അഞ്ചിനാണ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്യ കേരളമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേവലം രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർ ഭരിച്ചാൽ സംസ്ഥാനം ഗതിപിടിക്കില്ലെന്നൊരു ചിന്താഗതി ആദ്യം മുതലേ ചിലർക്കുണ്ടായിരുന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് തങ്ങൾ അപമാനിച്ചു പുറത്താക്കിയ പ്രൊഫ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസമന്ത്രിയായതു കത്തോലിക്കസഭയ്ക്ക് വലിയ മനക്ളേശവുമുണ്ടാക്കി. സ്കൂൾ അദ്ധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കും, മാനേജർമാർക്ക് മൂക്കുകയർ ഇടുമെന്ന് പുതിയ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതോടെ സഭാ മേലദ്ധ്യക്ഷന്മാർ സംഭ്രാന്തരായി. വിദ്യാഭ്യാസബിൽ അവതരിപ്പിക്കും മുമ്പുതന്നെ അതിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. 1957 ജൂലായ് ഏഴിന് ബിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ സംസ്ഥാനത്തു ഭൂകമ്പം തന്നെയുണ്ടായി. വൈദികരും വിശ്വാസികളും തെരുവിലിറങ്ങി പ്രതിഷേധിച്ചു. ദീപികപത്രം എഡിറ്റോറിയൽ കോളം ഒഴിച്ചിട്ടു. മതവിശ്വാസികളുടെ വികാരം വകവയ്‌ക്കാതെ ബിൽ നിയമസഭ ചർച്ച ചെയ്യുകയും കോൺഗ്രസ് അംഗങ്ങളുടെ കടുത്ത എതിർപ്പ് മറികടന്നു സെപ്തംബർ രണ്ടിന് പാസാക്കുകയും ചെയ്തു. എന്നാൽ ബില്ലിന് അംഗീകാരം നൽകാൻ ഗവർണർ ബി. രാമകൃഷ്‌ണറാവു കൂട്ടാക്കിയില്ല. അദ്ദേഹം അതു രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. രാഷ്ട്രപതി സുപ്രീം കോടതിയുടെ ഉപദേശം തേടി. ചീഫ് ജസ്റ്റിസ് എസ്.ആർ. ദാസ് അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ച് വിശദമായി വാദം കേട്ടു. ഒടുവിൽ നന്നേ ചെറിയ മാറ്റങ്ങൾക്ക് വിധേയമായി ബില്ലിന് അംഗീകാരം നൽകാമെന്ന് വിധിച്ചു. അദ്ധ്യാപക നിയമനം പബ്ളിക് സർവീസ് കമ്മിഷനു വിടുന്ന 11-ാം വകുപ്പിനോടായിരുന്നു മെത്രാന്മാർക്ക് ഏറ്റവും എതിർപ്പ്. എന്നാൽ ആ വ്യവസ്ഥ സാധുവാണെന്ന് സുപ്രീം കോടതി കണ്ടെത്തി. ദുർഭരണം ഹേതുവായി സ്കൂളുകളുടെ നടത്തിപ്പ് താത്കാലികമായോ ശാശ്വതമായോ ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബില്ലിലെ 14, 15 വകുപ്പുകൾ മതന്യൂനപക്ഷ സ്ഥാപനങ്ങൾക്കു ബാധകമായിരിക്കില്ലെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. അതൊഴികെ മറ്റെല്ലാ വ്യവസ്ഥകളും അംഗീകരിക്കപ്പെട്ടു. സുപ്രീംകോടതി നിർദ്ദേശിച്ച തിരുത്തലുകളോടെ കേരള നിയമസഭ വിദ്യാഭ്യാസബിൽ വീണ്ടും പാസാക്കി. അതോടെ മെത്രാന്മാർക്ക് സമരമല്ലാതെ മാർഗമില്ലാതായി.
1957 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നായർ സർവീസ് സൊസൈറ്റിയുടെ പ്രത്യക്ഷപിന്തുണ കമ്മ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു. വിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യാനികൾക്കുള്ള കുത്തക തകർക്കുന്നതിലും സമുദായാചാര്യനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ആദ്യഘട്ടത്തിൽ അദ്ദേഹം വിദ്യാഭ്യാസബില്ലിനെ പിന്തുണച്ചു. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ നിർദ്ദേശിച്ച മക്കപ്പുഴ വാസുദേവൻ പിള്ളയെ നിയമിക്കാതിരുന്നതും പാലക്കാട് എൻജിനീയറിംഗ് കോളേജിന് കൊടുത്ത അപേക്ഷ സർക്കാർ ഉപ്പിലിട്ടുവച്ചതും മന്നത്തെ കുപിതനാക്കി. കാർഷികബന്ധബിൽ കൂടി വന്നപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചു. കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് കെട്ടുകെട്ടിച്ചേ തന്റെ മസ്തിഷ്‌കത്തിനു ഇനി മാർദ്ദവമുണ്ടാകൂ എന്നു പ്രഖ്യാപിച്ചു. അതോടെ കത്തോലിക്ക മെത്രാന്മാരും ഇതര ക്രൈസ്തവമേലദ്ധ്യക്ഷന്മാരും മന്നത്തോടു കൈ കോർത്തു. വിമോചനസമരത്തിനുള്ള ആലോചന ആരംഭിച്ചു. മുരത്ത കത്തോലിക്കനും കടുത്ത കമ്മ്യൂണിസ്റ്റു വിരുദ്ധനുമായിരുന്നു പ്രതിപക്ഷനേതാവ് പി.ടി.ചാക്കോ. അദ്ദേഹത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് ആർ. ശങ്കറും അതേ നിലപാടുകാരനായിരുന്നു. എന്തുവില കൊടുത്തും സർക്കാരിനെ താഴെയിറക്കാൻ രണ്ടു നേതാക്കളും പ്രതിജ്ഞാബദ്ധരുമായിരുന്നു. 1959 ആദ്യം അഖിലേന്ത്യാ കോൺഗ്രസ് അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധിയും അവർക്ക് സഹായിയായി വർത്തിച്ചു. അങ്ങനെ വിമോചനസമരത്തിനു കളമൊരുങ്ങി. കമ്മ്യൂണിസ്റ്റ് സർക്കാരിനോടു പലകാരണങ്ങളാലും വിയോജിപ്പുണ്ടായിരുന്ന പി.എസ്.പിയും ആർ.എസ്.പിയും കെ.എസ്.പിയും തങ്ങളുടെ വർഗതാത്പര്യം പോലും വിസ്മരിച്ച് വിമോചന സമരക്കാർക്കൊപ്പം കൂടി. അടുത്തഘട്ടത്തിൽ മുസ്ളിം ലീഗും അവരോടു യോജിച്ചു.
കാർഷികബന്ധ ബിൽ നിയമസഭ പാസാക്കിയതിന്റെ പിറ്റേദിവസം , 1959 ജൂലായ് 12 ന് അതിഗംഭീരമായ ഹർത്താലോടെ വിമോചന സമരത്തിന് യവനിക ഉയർന്നു. ഗാന്ധിയൻ മാതൃകയിലുള്ള സഹനസമരമായിരിക്കുമെന്ന് നേതാക്കൾ ആവർത്തിച്ചു പറഞ്ഞെങ്കിലും സംഭവിച്ചതു മറിച്ചാണ്. പലയിടത്തും പ്രക്ഷോഭകർ അക്രമാസക്തരായി. ജൂൺ 13 ന് അങ്കമാലിയിൽ വെടിപൊട്ടി. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നിറയൊഴിച്ചു. അഞ്ചുപേർ തൽക്ഷണം മരിച്ചു. രണ്ടുപേർ പിന്നീട് ആശുപത്രിയിൽ വച്ചും മരണത്തിന് കീഴടങ്ങി. വിമോചന സമരക്കാർക്ക് വിലയേറിയ ഏഴ് രക്തസാക്ഷികളെ കിട്ടി. അങ്കമാലി കല്ലറ നേതാക്കളുടെ തീർത്ഥാടനകേന്ദ്രമായി മാറി. ജൂൺ 15 ന് തിരുവനന്തപുരത്തിനടുത്ത് വെട്ടുകാട്ടും നെയ്യാറ്റിൻകര താലൂക്കിലെ പുല്ലുവിളയിലും വെടിവയ്പുണ്ടായി. അഞ്ചുപേർ മരിച്ചു. ജൂലായ് മൂന്നിന് ചെറിയ തുറയിലും വെടിപൊട്ടി. ഫ്ളോറി എന്ന ഗർഭിണിയടക്കം മൂന്നുപേർ മരിച്ചു. അങ്ങനെ വിമോചനസമര രക്തസാക്ഷികളുടെ എണ്ണം പതിനഞ്ചായി. കത്തിക്കുത്തിലും 15 പേർ കൊല്ലപ്പെട്ടു. കല്ലേറും ലാത്തിചാർജ്ജും കണ്ണീർവാതക പ്രയോഗവും നിത്യസംഭവമായി. ജയിലുകൾ സമരക്കാരാൽ നിറഞ്ഞുകവിഞ്ഞു. സ്ത്രീകളും കുട്ടികളും വലിയ തോതിൽ പങ്കെടുത്തു. 'അമ്മേ ഞങ്ങൾ പോകുന്നു... കണ്ടില്ലെങ്കിൽ കരയരുതേ' എന്നായിരുന്നു പിഞ്ചുകുട്ടികൾ വിളിച്ച മുദ്രാവാക്യം. ഫ്ളോറിയുടെ പിറക്കാതെപോയ കുഞ്ഞിനെ മുൻനിറുത്തി ജി. ശങ്കരക്കുറുപ്പ് 'അന്ത്യമാല്യം' രചിച്ചു. സാഹിത്യകാരന്മാരും ഇതര കലാകാരന്മാരും പൊതുവേ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മലയാള മനോരമയും ദീപികയും കേരളഭൂഷണവും ദേശബന്ധുവുമൊക്കെ എരിതീയിൽ എണ്ണ പകർന്നു. ഇംഗ്ളീഷ് പത്രങ്ങളും സന്ദർഭത്തിനൊത്ത് ഉയർന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരതയെക്കുറിച്ച് നാലും അഞ്ചും കോളത്തിൽ വാർത്ത പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ മനസിലാക്കാൻ പ്രധാനമന്ത്രി നെഹ്‌റു ജൂൺ 22ന് തിരുവനന്തപുരത്തെത്തി. 25 വരെ അദ്ദേഹം രാജ്‌ഭവനിൽ താമസിച്ചു. വിമോചനസമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായ നേതാക്കൾ പണ്ഡിറ്റ്‌ജിയെ നേരിട്ടുകണ്ട് അഭിപ്രായമറിയിച്ചു. നെഹ്റുവിനെ ലാക്കാക്കി മലയാള മനോരമയും കേരള ഭൂഷണവും ഇംഗ്ളീഷിൽ മുഖപ്രസംഗമെഴുതി. കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഉടൻ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു. സംസ്ഥാനത്തു ബഹുജന മുന്നേറ്റമാണെന്ന് തിരികെപ്പോകും വഴി വിമാനത്താവളത്തിൽ വച്ച് നെഹ്റു പത്രലേഖകരോടു പറഞ്ഞു. സർക്കാരിന്റെ വിധി അവിടെ കുറിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം സമരക്കാർക്ക് ആവേശം പകർന്നു. അങ്കമാലി കല്ലറയിൽനിന്ന് ജൂലായ് ഒമ്പതിന് ദീപശിഖായാത്ര തിരുവനന്തപുരത്തേക്ക് പ്രയാണം ആരംഭിച്ചു. പള്ളി ഇടവകകളും നായർ കരയോഗങ്ങളും മത്സരിച്ചു സ്വീകരണമൊരുക്കി. ജൂലായ് 15നു യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. താൻ അഴിച്ചുവിട്ട യാഗാശ്വത്തെ സെക്രട്ടറിയേറ്റിൽ ഇ.എം.എസിന്റെ കസേരക്കാലിൽ കെട്ടുമെന്ന് മന്നം പ്രഖ്യാപിച്ചു. 'മന്നത്തപ്പൻ നേതാവെങ്കിൽ സമരം ഞങ്ങൾ വിജയിക്കും. മന്നത്തപ്പാ നേതാവേ ധീരതയോടെ നയിച്ചോളൂ'വെന്ന് സമരക്കാർ ആവേശപൂർവം മുദ്രാവാക്യം മുഴക്കി. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് ഗവർണർ കേന്ദ്രത്തിലേക്ക് റിപ്പോർട്ട് അയച്ചു. മന്ത്രിസഭയെ ഉടൻ പിരിച്ചുവിടണമെന്ന് ഇന്ദിരാ പ്രിയദർശിനി പിതാവിനുമേൽ സമ്മർദ്ദം ചെലുത്തി. നെഹ്റു നിസഹായനായി. മന്ത്രിസഭായോഗത്തിൽ മൊറാർജിദേശായി മാത്രമാണ് എതിരഭിപ്രായം പറഞ്ഞത്. രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിനും അതേ സന്ദേഹമുണ്ടായി. എങ്കിലും മന്ത്രിസഭാ തീരുമാനം അംഗീകരിക്കാൻ അദ്ദേഹം നിർബന്ധിതനായി. അങ്ങനെ 1959 ജൂലായ് 31 ന് ഭരണഘടനയുടെ 356-ാം അനുച്ഛേദപ്രകാരം സർക്കാരിനെ ഡിസ്‌മിസ് ചെയ്തു വിളംബരം പുറത്തുവന്നു.
കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രക്ഷോഭത്തിന് ആദ്യം മുതലേ സാമുദായിക സ്വഭാവമുണ്ടായിരുന്നു. കത്തോലിക്ക സഭയും എൻ.എസ്.എസും നേതൃത്വം നൽകി എന്നതുകൊണ്ടു മാത്രമല്ല, ഈഴവരാദി പിന്നാക്ക സമുദായക്കാരും പട്ടികജാതിക്കാരും പ്രായേണ കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നതും അതിനു കാരണമായി. മുഖ്യമന്ത്രി നമ്പൂതിരിയാണെങ്കിലും കേരളത്തിൽ ഈഴവന്റെ ഭരണമാണെന്ന് മന്നത്തപ്പൻ ഇടയ്ക്കിടെ ആത്മഗതം ചെയ്തിരുന്നു. 1958 ൽ തന്നെ കത്തോലിക്ക വൈദികരുടെ ആശീർവാദത്തോടെ മദ്ധ്യതിരുവിതാംകൂറിൽ പലയിടത്തും ക്രിസ്റ്റഫർസേന രൂപീകരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഇലഞ്ഞിക്കൽ ജോൺ വക്കീലിന്റെ മകനും മുൻമന്ത്രി ജോൺ ഫിലിപ്പോസിന്റെ അനുജനുമായ നിരണം ബേബി വലിയൊരു സ്വകാര്യസൈന്യത്തെ സംഘടിപ്പിച്ചു. അവർ പലയിടത്തും അക്രമം അഴിച്ചുവിട്ടു. 'ബേബി ഞങ്ങടെ നേതാവ് അടിയാ ഞങ്ങടെ പരിപാടി' എന്നായിരുന്നു മുദ്രാവാക്യം. കുട്ടനാട്ടിൽ പലയിടത്തും ഭൂവുടമകളും കർഷകത്തൊഴിലാളികളും ഏറ്റുമുട്ടി. ഈഴവർക്കും പുലയർക്കുമെതിരെ വലിയ അതിക്രമങ്ങൾ അരങ്ങേറി. 'പാളേൽ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്നു വിളിപ്പിക്കും ചാത്തൻ പൂട്ടാൻ പോകട്ടേ ചാക്കോ നാടുഭരിക്കട്ടെ' എന്ന മുദ്രാവാക്യം വയലേലകളെ പ്രകമ്പനം കൊള്ളിച്ചു. വിമോചന സമരം ആരംഭിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. സംസ്ഥാനമെമ്പാടും അരാജകത്വം നടമാടി. വെടിയേറ്റു മരിച്ച 15 പേരും കത്തോലിക്കരായിരുന്നു എന്നതുതന്നെ വിമോചന സമരത്തിന്റെ സാമുദായികസ്വഭാവം തികച്ചും വെളിപ്പെടുത്തുന്നു. സമരത്തിന്റെ മറവിൽ കർഷകത്തൊഴിലാളികളുടെ കുടിലുകൾ കത്തിക്കുകയും വിളകൾ നശിപ്പിക്കുകയും ചെയ്തു. ചെത്തു തെങ്ങിന്റെ കുല ചെത്തിക്കളഞ്ഞ് ഈഴവരെ തൊഴിൽരഹിതരാക്കാനും സമരക്കാർ ഉത്സാഹിച്ചു. പട്ടികജാതിക്കാർ അനുഭവിക്കേണ്ടി വന്ന അതിക്രമങ്ങൾ അതിലും ഭയങ്കരമായിരുന്നു. അവരെ കണ്ടയിടത്തൊക്കെ ഓടിച്ചിട്ടു തല്ലി. സ്ത്രീകളെ മാനഭംഗത്തിനിരയാക്കി.
ജൂലായ് 31 നു രാഷ്ട്രപതിയുടെ വിളംബരം പുറത്തുവന്നതോടെ വിമോചനസമര ഭടന്മാർക്ക് ആവേശം വർദ്ധിച്ചു. അവർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസുകൾ തകർത്തു, പ്രവർത്തകരെ മർദ്ദിച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തി, കുടിലുകൾ കത്തിച്ചു, വിളകൾ നശിപ്പിച്ചു. കമ്മ്യൂണിസ്റ്റുകാർ അധികവും ഈഴവരോ പുലയരോ ആയതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി. കറുത്ത നിറമുള്ളവരെ മുഴുവൻ ഓടിച്ചിട്ടടിച്ചു. കഷ്ടകാലത്തിന് കറുത്തനിറമുള്ള ചില നായന്മാർക്കും തല്ലുകൊണ്ടു. കള്ളുഷാപ്പുകൾക്കും ചെത്തു തെങ്ങുകൾക്കും രക്ഷയുണ്ടായില്ല. ഷാപ്പുകൾ അടിച്ചു തകർത്തു; തെങ്ങിന്റെ കുല ചെത്തിക്കളഞ്ഞു. വടക്കൻ പറവൂരും പരിസരത്തുമായി 12 ഷാപ്പുകൾ ഇപ്രകാരം നശിപ്പിച്ചു. കാലടി, മലയാറ്റൂർ, തൊടുപുഴ, രാമപുരം, മുണ്ടക്കയം, ചേർത്തല, പുല്ലാട്, തേവലക്കര, കിഴക്കേ കല്ലട, കൊട്ടാരക്കര എന്നിവിടങ്ങളിൽ വലിയ അക്രമസംഭവങ്ങൾ അരങ്ങേറി. മാളയ്ക്കടുത്ത് കുഴിക്കാട്ടുശേരി കത്തോലിക്കർക്കും കമ്മ്യൂണിസ്റ്റുകാർക്കും പ്രാബല്യമുള്ള സ്ഥലമാണ്. ആഗസ്റ്റ് ഒന്നിന് പള്ളിയിൽ മണിയടിച്ച് ആളെക്കൂട്ടി. കുറുവടിയുമായി ആൾക്കൂട്ടം ചെത്തുകാരെ ആക്രമിച്ചു. വേലായുധൻ എന്ന യുവാവ് മരിച്ചു, 17 പേർക്ക് പരിക്കേറ്റു. സമുദായാംഗങ്ങൾക്കുനേരെ വിമോചന സമരക്കാർ നടത്തുന്ന അക്രമം എസ്.എൻ.ഡി.പി യോഗനേതൃത്വത്തെ അലോസരപ്പെടുത്തി. യോഗം ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവും പിരിച്ചുവിട്ട നിയമസഭയിലെ അംഗവുമായ കെ.ആർ. നാരായണൻ ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയിൽപെടുത്തി. പനമ്പള്ളി ഗോവിന്ദമേനോൻ, മന്നത്ത് പത്മനാഭൻ, പി.എസ്. ജോർജ്, വി.ഒ. മർക്കോസ്, തോമസ് ജോൺ, എം.എ. ആന്റണി മുതലായ മുതിർന്ന നേതാക്കളോടും ആവലാതി പറഞ്ഞു. ചീഫ് സെക്രട്ടറിയെ നേരിട്ടുകണ്ടു നിവേദനം നൽകി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും ആശങ്ക അറിയിച്ചു. നാരായണന്റെ ആശങ്കയും ആവലാതിയും വിമോചനസമര നേതാക്കൾ ഗൗനിച്ചില്ല. നായർ, നസ്രാണി മാടമ്പിമാർ അക്രമം തുടർന്നു. നിരണം ബേബിയുടെ കുറുവടി സൈന്യം കുട്ടനാട്ടിൽ അരാജകത്വം അഴിച്ചുവിട്ടു. ആഗസ്റ്റ് 15ന് നീലംപേരൂരിൽ മുൻമന്ത്രി വി.ഒ. മർക്കോസിന്റെ ബന്ധുക്കൾ വാസു എന്നൊരു തൊഴിലാളിയുടെ കൈകാലുകൾ തല്ലിയൊടിച്ചു. ഈഴവ സമുദായത്തിൽ ജനിച്ചുവെന്നതു മാത്രമായിരുന്നു വാസു ചെയ്ത അപരാധം. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.കെ. സുകുമാരനുമൊന്നിച്ച് കെ.ആർ. നാരായണൻ കോട്ടയം സർക്കാർ ആശുപത്രിയിൽ വാസുവിനെ സന്ദർശിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു ബോദ്ധ്യപ്പെട്ടു. ആഗസ്റ്റ് 20 ന് അദ്ദേഹം അനുകരണീയ ശൈലിയിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. " വിമോചനസമരക്കാർ കമ്മ്യൂണിസ്റ്റുകാരെയും അവരുടെ അനുഭാവികളെയും ഉപദ്രവിക്കുന്നതായി ധാരാളം റിപ്പോർട്ടുകൾ പത്രങ്ങളിൽ വരാറുണ്ട്. ഒരു വലിയ സമരത്തിൽ പങ്കെടുത്തു വിജയിച്ചവരുടെയും തോറ്റവരുടെയും താത്കാലിക വികാരമുണ്ടാക്കുന്ന അനാശാസ്യ സംഭവങ്ങളാണിതെന്നും ഏതാനും ദിവസത്തിനകം ഇതെല്ലാം ശമിക്കുമെന്നും ഞാൻ കരുതിയിരുന്നു. ഇവിടെ കിട്ടുന്ന കത്തുകളും റിപ്പോർട്ടുകളും അതെല്ലാം തെറ്റായിപ്പോയെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.... ഈഴവർക്ക് വിമോചന സമരത്തിൽ ചേരാനും ചേരാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. കുറച്ചുപേർ സമരത്തിൽ ചേർന്ന് പങ്കെടുത്തു. കുറച്ചുപേർ എതിർത്തു. വളരെപ്പേർ ഒന്നിലും ചേരാതെ നിന്നു. എതിർത്തവരോടും ചേരാതെ നിന്നവരോടും എതിർ മനോഭാവമുണ്ടാക്കുന്നതും ഒരു പകപോക്കൽ ശ്രമം തുടരുന്നതും ഏറ്റവും ഖേദകരമാണെന്നും സമുദായ പ്രമാണിമാരും രാഷ്ട്രീയ സംഘടനകളും സമരക്കാരും ഉൾപ്പെട്ട് അതു തടഞ്ഞ് സമുദായ സൗഹാർദ്ദം പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നു......"
വിമോചന സമരത്തിന്റെ ഏകദേശ സ്വഭാവം ഇതിൽനിന്ന് വ്യക്തം. അതിൽ വർഗസമരമുണ്ടായിരുന്നു; വർഗീയ സമരവുമുണ്ടായിരുന്നു. അവയ്ക്ക് മേമ്പൊടിയായി കുറച്ചു രാഷ്ട്രീയവുമുണ്ടായിരുന്നു. രാജ്യത്തെ ഫെഡറൽ സംവിധാനത്തിനു കനത്ത ആഘാതമേൽപിച്ച സംഭവമായിരുന്നു ഇ.എം.എസ് മന്ത്രിസഭയുടെ പിരിച്ചുവിടൽ. വിമോചന സമരകാലത്ത് രൂപം കൊണ്ട ക്രിസ്ത്യൻ - നായർ അച്ചുതണ്ട് അചിരേണ കോൺഗ്രസിനും വിനയായി. അതേ ശക്തികളാണ് പിൽക്കാലത്ത് കേരള കോൺഗ്രസ് രൂപീകരിച്ച് ശങ്കർ മന്ത്രിസഭയെ തകർത്തത്. മത -സാമുദായിക ശക്തികളുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് പിന്നീടൊരിക്കലും കേരള രാഷ്ട്രീയത്തിന് മോചനമുണ്ടായില്ല. മതേതരത്വം പ്രസംഗിക്കുന്ന മാർക്സിസ്റ്റ് പാർട്ടിക്കു പോലും പിൽക്കാലത്ത് മത -സാമുദായിക ശക്തികൾക്കു മുന്നിൽ ഓച്‌ഛാനിച്ചു നിൽക്കേണ്ടിവന്നു. അതാണ് വിമോചനസമരം വരുത്തിവച്ച വിന.