v

കൊച്ചി: സ്വർണക്കടത്ത് കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തി​യ എറണാകുളം കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റുകാർ ഇന്ന് സമരങ്ങളെ ഭയപ്പെടുകയാണ്. കെ.പി.സി.സി പ്രസിഡന്റി​ന് സമരത്തി​നെതി​രെ സർക്കാർ കത്ത് നൽകിയത് അതി​ന് തെളി​വാണ്. ഇനി​ കേരളം കാണാൻപോകുന്നത് കോൺഗ്രസിന്റെ സമരപരമ്പരകളായിരിക്കും.

മുഖ്യമന്ത്രി നിരപരാധിയെങ്കിൽ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കണം. കോടതിയിൽ പരാതി നൽകണം. മൊഴി​ തെറ്റാണെങ്കി​ൽ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കും. അഡ്വക്കേറ്റ് ജനറലിനടക്കം സെഷൻസ് കോടതിയിൽ മാനനഷ്ടക്കേസ് നൽകാം.
സ്വപ്ന സുരേഷിനെതിരെ​ കഴി​ഞ്ഞദിവസമെടുത്ത കേസ് കോടതി വരാന്തയിൽപ്പോലും നിൽക്കി​ല്ല.

ബി.ജെ.പിയുമായി​ സർക്കാർ ഉണ്ടാക്കി​യ ഒത്തുകളിയെത്തുടർന്നാണ് സ്വർണക്കള്ളക്കടത്ത് അട്ടിമറിച്ചത്. വീണ്ടും ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണോ ഇപ്പോൾ നടക്കുന്നതെന്ന സംശയമുണ്ടെന്നും സതീശൻ പറഞ്ഞു.