തൃപ്പൂണിത്തുറ: സൺ ഫിലിം ഒട്ടിച്ച വാഹനങ്ങൾക്കെതിരെ തൃപ്പൂണിത്തറ ജോയിന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധനയിൽ 81 വാഹനങ്ങൾക്ക് പിഴചുമത്തി. പരിശോധന 14 വരെ തുടരും. വാഹനങ്ങളിലെ മോഡിഫിക്കേഷനുകൾക്കും അധിക ലൈറ്റുകൾക്കും പിടിവീഴും. തൃപ്പൂണിത്തുറയിൽ ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ ട്രാവലർ കണ്ടെത്തി പിഴ ഈടാക്കി. കൊല്ലം രജിസ്ട്രേഷൻ ആയതിനാൽ പൂർവ്വസ്ഥിതിയിലാക്കി കൊല്ലം ആർ.ടി ഓഫീസിൽ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഇതിനിടെ, തൃപ്പൂണിത്തുറ ഭാഗത്ത് സ്കൂട്ടറിൽ രൂപമാറ്റം നടത്തി ആക്രി വണ്ടിയായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം കേരളകൗമുദി വാർത്തയെ തുടർന്ന് നിരത്തിൽ നിന്ന് അപ്രത്യക്ഷമായി. ഇടുക്കി സ്വദേശി മൂന്നു വർഷം മുൻപ് മുൻപ് വിറ്റ ഇരുചക്ര വാഹനം വാങ്ങിയ ആൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. ഉടമയോട് രണ്ടുദിവസത്തിനകം വാഹനം പൂർവ്വസ്ഥിതിയിലാക്കി ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.