
ആലുവ: പകർച്ചപ്പനിക്ക് പുറമെ ആലുവ നഗരം ഡെങ്കിപ്പനിയുടെ പിടിയിലായത് ജനങ്ങളിൽ ആശങ്കപരത്തുന്നു. 11,12, 14 വാർഡുകളിൽപ്പടുന്ന പമ്പ് കവല, കാസിനോ, മാർവർ ഭാഗങ്ങളിലാണ് ഡെങ്കിപ്പനി ബാധയേറെ. ഇതിനകം രണ്ട് ഡസനിൽ അധികം പേർ ഡെങ്കിപ്പനിക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.
14 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതേതുടർന്ന് നഗരസഭ ആരോഗ്യ വിഭാഗവും ജില്ലാ ആശുപത്രി അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ആരോഗ്യ ജാഗ്രതയ്ക്കായി ഡെങ്കിയാത്ര
നഗരസഭ അതിർത്തിയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗങ്ങളിലെ വീടുകളിൽ കൊതുക് ഉറവിട നശീകരണ - ബോധവത്കരണ പരിപാടികളുമായി ആലുവ ജില്ലാ ആശുപത്രി. സൂപ്രണ്ട് ഡോ. കെ.പ്രസന്നകുമാരി ഡെങ്കിയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭയിലെ 11,12,14 വാർഡുകളിലായി 212 ഭവനങ്ങൾ സംഘം സന്ദർശിച്ചു.
വീടിനകത്ത് സൂക്ഷിക്കുന്ന മണി പ്ലാന്റുകൾ, പൂച്ചട്ടികൾക്ക് അടിയിൽ വയ്ക്കുന്ന ട്രേ, ബയോഗ്യാസ് പ്ലാന്റുകൾ, കെട്ടിട നിർമ്മാണ സ്ഥലങ്ങളിലെ വീപ്പകൾ എന്നിവയിൽ ഡെങ്കിപ്പനി പടർത്തുന്ന കൊതുകിനെ സംഘം തിരിച്ചറിഞ്ഞു. പകൽ സമയം മാത്രം കടിക്കുന്ന പെൺകൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ആഴ്ചയിലൊരിക്കൽ എല്ലാ വീടുകളിലും വെള്ളം കെട്ടികിടക്കാൻ അനുവദിക്കാതെ ഡ്രൈഡേ ആചരിക്കും. വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ കെ. പ്രസന്നകുമാരി അറിയിച്ചു.
ഡെങ്കിയാത്ര പരിപാടിക്ക് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, പബ്ലിക് ഹെൽത്ത് നഴ്‌സ് ഷൈനി ചാക്കോ, അനിമോൾ കുര്യാക്കോസ്, ലിഡിയ സെബാസ്റ്റ്യൻ, വിജി ഡാലി എന്നിവർ നേതൃത്വം നൽകി.