njaval

മൂവാറ്റുപുഴ: നിലത്ത് വീണ ഞാവൽപ്പഴം പെറുക്കി മതിയാവോളം രുചിച്ചതും നീലിച്ച നാവുമൊക്കെ മലയാളിയുടെ ബാല്യകാല സ്മരണകളാണ്. ഇപ്പോഴിതാ ഞാവൽ നിറയെ കൈക്കുമ്പിളിലെത്തുന്നു, തെരുവോര കച്ചവടക്കാരിലൂടെ.

തെരുവോര വിപണിയിൽ ഞാവൽപ്പഴ വിൽപ്പന സജീവമാകുകാണ്. ഞാവൽപ്പഴത്തിന്റെ വിപണന സാധ്യത മനസിലാക്കിയ അന്യ സംസ്ഥാനക്കാരാണ് കച്ചവടക്കാർ. മൂവാറ്റുപുഴ മേഖലയിലാണ് ഞാവൽപ്പഴ വിപണനം പൊടിപൊടിക്കുന്നത്. കിലോയ്ക്ക് 400 രൂപ വരെയാണ് വില. മഴക്കാലം ആരംഭിക്കുന്നതോടെയാണ് ഞാവൽപ്പഴത്തിന്റെ സീസൺ തുടങ്ങുന്നത്.

ആന്ധ്രയിലെ വനങ്ങളിൽ നിന്നു ശേഖരിക്കുന്ന ഞാവൽപ്പഴം പൊള്ളാച്ചി ചന്തയിൽ നിന്നാണ് തെരുവോര കച്ചവടക്കാർ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.

ഞാവൽ, ഞാവുൾ, ഞാറ എന്നീ പേരുകളിൽ പ്രദേശികമായി അറിപ്പെടുന്ന ഞാവലിന് ഔഷധ ഗുണമേറെ. വൈറ്റമിൻ എയും സിയും അടങ്ങിയിരിക്കുന്ന ഞാവലിന്റെ കുരു പ്രമേഹ രോഗത്തിനും മരുന്നായി ഉപയോഗിക്കുന്നുണ്ട്.