മൂവാറ്റുപുഴ: ഏനാനല്ലൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേതൃത്വത്തിലെ സഹകരണ ജനാധിപത്യ മുന്നണിക്കെതിരെ കോൺഗ്രസ് നേതാവിന്റെ പിന്തുണയിൽ നാല് റെബൽ സ്ഥാനാർത്ഥികൾ മത്സരരംഗത്ത്. കോൺഗ്രസും കേരള കോൺഗ്രസ് ജോസഫും മുസ്ലിം ലീഗും കേരള കോൺഗ്രസ് ജേക്കബും ചേർന്ന് രൂപീകരിച്ച സഹകരണ ജനാധിപത്യ മുന്നണിയിൽ കോൺഗ്രസ്- 7, കേരള കോൺഗ്രസ് ജോസഫ് - 4, മുസ്ലിം ലീഗ് - 2, കേരള കോൺഗ്രസ് ജേക്കബ് - 1 എന്നിങ്ങനെ 13 പേരാണ് മത്സരിക്കുന്നത്. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി മുന്നോട്ടുപോകുമ്പോഴാണ് നാല് റിബലുകൾ മത്സരരംഗത്തുനിന്ന് പിന്മാറാതെ നിൽക്കുന്നത്. ഇവർക്കെതിരെ നേതൃത്വത്തിനും ഡി.സി.സി.ക്കും പരാതി നൽകിയതായി ആയവനയിലെ യു.ഡി.എഫ്. നേതാക്കളായ ജീമോൻ പോൾ (കോൺഗ്രസ്), ജോമി ജോൺ (കേരള കോൺഗ്രസ് ജോസഫ്), മുഹമ്മദ് ഇലഞ്ഞായിൽ (മുസലീം ലീഗ്), മാത്യൂസ് കാക്കത്തോട്ടം ((കേരള കോൺഗ്രസ് ജേക്കബ്) എന്നിവർ അറിയിച്ചു.