കുറുപ്പംപടി : പോക്സോ നിയമം സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഹൈക്കോടതി നിർദേശം സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് 16ന് മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന യോഗത്തിൽ ഇക്കാര്യം മുന്നിൽവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. പുല്ലവഴി ജയകേരളം ഹയർ സെക്കൻഡറി സ്‌കൂളിൽ " ഞങ്ങളും കൃഷിയിലേക്ക് " പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാലയക്കൃഷിയുടെ വിളവെടുപ്പും "ഹരിത വിദ്യാലയം" പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹരിത കാമ്പസിന്റെ ഭാഗമായി വി. ശിവൻകുട്ടിയും എൽദോസ് കുന്നപ്പിള്ളിയും ചേർന്ന് സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ പച്ചക്കറി വിത്ത് വിതരണം നടത്തി. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ,
കൃഷി ഓഫീസർ സ്‌മിനി വർഗീസ്,സ്‌കൂൾ മാനേജർ എം.ജി. രാധാകൃഷ്ണൻ, മാനേജർ ഇൻചാർജ് ശാരദ മോഹൻ, പി.ടി.എ പ്രസിഡന്റ് ജോയി ജോസഫ്,വൈസ് പ്രിൻസിപ്പൽ സിന്ധു എം. ജോർജ്, പ്രിൻസിപ്പൽ സുമിത ബിന്ദു എന്നിവർ സംസാരിച്ചു. കൃഷിക്ക് നേതൃത്വം നൽകിയ കെ. കൃഷ്ണകുമാറിനെ അഭിനന്ദിച്ചു.