nirmala

കൊച്ചി​: ഓഹരി വില്പനയിലൂടെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കരുത്തുനേടി​യെന്ന് കേന്ദ്രധനമന്ത്രി​ നിർമ്മല സീതാരാമൻ പറഞ്ഞു. ഓഹരി വിപണിയിലെ സുരക്ഷിത നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നത് സംബന്ധിച്ച ബോധവത്കരണത്തിനായി കേന്ദ്രസർക്കാർ 'ആസാദി കാ അമൃത് മഹോത്സവ് കോൺഫറൻസ്' എന്ന പേരി​ൽ സംഘടിപ്പിച്ച ഏകദിന സമ്മേളനം ഓൺ​ലൈനായി​ ഉദ്ഘാടനം ചെയ്യുകയായി​രുന്നു അവർ.

വിപണിയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം കുറച്ചുകൊണ്ടുവരിക എന്ന നയം സ്വീകരിച്ചതോടെ 1991നുശേഷം സ്വകാര്യമേഖലയിൽ വൻതോതിൽ നിക്ഷേപം ആകർഷിക്കാനും പുതിയ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും വരുമാനവും മത്സരക്ഷമതയും വർദ്ധിപ്പിച്ചു. കഴിഞ്ഞ ദശകങ്ങളിൽ ഓഹരി വിറ്റഴിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച മുന്നേറ്റമുണ്ടാക്കി. ഇത് ഓഹരിവിപണിക്ക് ഊർജ്ജം പകരുന്നതായും നി​ർമ്മല സീതാരാമൻ പറഞ്ഞു.

ധനമന്ത്രാലയത്തിനു കീഴിലുള്ള നിക്ഷേപ, പൊതുആസ്തി ഭരണവകുപ്പാണ് (ദിപം) പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ 75 നഗരങ്ങളിൽ സമ്മേളനം നടന്നു. ഇന്ത്യയിലെ ഓഹരിവിപണി, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിപണി ധാർമികത, ഓഹരികളുടെ വില്പനയും കൈമാറ്റവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുത്തു.