കൊച്ചി: ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന് കീഴിൽ ഞെരിഞ്ഞമരുന്ന കാലമുണ്ടായാൽ അതിൽ നിന്ന് സംരക്ഷണം നൽകാൻ ദീർഘവീക്ഷണത്തോടെ ഭരണഘടന ശില്പികൾ വിഭാവനം ചെയ്തതാണ് സംവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ കേരള മുസ്‌ലിം ജമാഅത്ത് സെൻട്രൽ കാബിനറ്റ് സംഘടിപ്പിച്ച പ്രവാചക നിന്ദക്കെതിരെ മാനവിക കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ഒരുമിച്ചു നിന്നു നേരിടണം. പൊതുസമൂഹത്തിലേക്ക് വിദ്വേഷം പ്രചരിപ്പിക്കാൻ അവരെ അനുവദിക്കരുതെന്നും സതീശൻ പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് കൽത്തറ പി. അബ്ദുൽ ഖാദിർ മഅദനി, മേയർ എം. അനിൽകുമാർ, അൻവർ സാദത്ത് എം.എൽ.എ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, സി.ടി. ഹാഷിം തങ്ങൾ, കേരള മുസ്‌ലിം ജമഅത്ത് ജില്ലാ പ്രസിഡന്റ് വി.എച്ച്. അലി ദാരിമി, കേരള മുസ്‌ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.