കൊച്ചി: അർബുദ രോഗികൾക്ക് മിതമായ നിരക്കിൽ ആഗോള നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിന് ആസ്റ്റർ മെഡ്‌സിറ്റി ഹൈബി ഈഡൻ എം.പിയുടെ സൗഖ്യം പദ്ധതിയുമായി സഹകരിക്കുന്നു. 'ആസ്റ്റർ കെയർ ടുഗെതർ' എന്ന പേരിൽ പദ്ധതി സംസ്ഥാനത്താകമാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിർദ്ധനരായ അർബുദരോഗികൾക്ക് ഇളവുകൾ നൽകിയാവും ചികിത്സ. ആസ്റ്ററിന് ആശുപത്രികൾ ഇല്ലാത്ത ജില്ലകളിൽ പ്രാദേശിക ആശുപത്രികളുമായോ മറ്റു സ്ഥാപനങ്ങളുമായോ ചേർന്ന് കീമോ തെറാപ്പി യൂണിറ്റുകൾ സ്ഥാപിക്കും. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തും. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടവർക്ക് പ്രത്യേകനിരക്കിൽ സേവനം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് എംപിയുടെ ഓഫീസ് വഴിയോ നേരിട്ടോ അംഗമാകാം. ഫോൺ : 8111998098. ഹൈബി ഈഡൻ എം.പി, ഫർഹാൻ യാസിൻ, ഡോ .ജെം കളത്തിൽ, ഡോ. ദുർഗ പൂർണ, ഡോ. അരുൺ വാര്യർ, എലിസ്വ വിനു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.