ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് ആലുവയിൽ തമാസിക്കുന്നയാളുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ റെയിൽവേ ജീവനക്കാരൻ ഗോവ മാങ്കോർ ഹിൽ ഗുരുദ്വാര റോഡിൽ മൗലാലി ഹബീബുൽ ഷെയ്ക്ക് (36) പിടിയിലായി. ആലുവ സി.ഐ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഗോവയിലെ വാസ്‌ക്കോയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ആലുവ ബാങ്ക് ജംഗ്ഷനിലെ സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന അഞ്ച് പേർ എത്തിയത്. മൂന്നു പേർ മലയാളികളും രണ്ട് പേർ ഗോവ സ്വദേശികളുമായിരുന്നു. 'പരിശോധന നടത്തി' വീട്ടിൽ നിന്ന് 50 പവനോളം സ്വർണ്ണവും ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു. വീട്ടിലെ സി.സി.ടി.വി യുടെ ഹാർഡ് ഡിസ്‌ക്കും കൊണ്ടുപോയി. കൃത്യത്തിനു ശേഷം രണ്ട് പേർ ബസിലും മൂന്നു പേർ ഓട്ടോറിക്ഷയിലുമായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇറങ്ങി. തുടർന്ന് ഓട്ടോയിലും ബസിലുമായി അങ്കമാലിയിലെത്തി അവിടെ നിന്ന് തൃശൂർ ഭാഗത്തേക്ക് പോയി. തലേന്ന് സംഘം ആലുവയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തിരുന്നു.
പൊലീസ് പിടികൂടുമെന്നായപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.