കൊച്ചി: മാനവ സൗഹൃദത്തിന്റെ സന്ദേശവുമായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന 'സുഹൃദ് സംഗമം' രാവിലെ 10.30ന് എറണാകുളം അബാദ് പ്ലാസ ഹോട്ടലിൽ നടക്കും. കേരളത്തിലെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ മുദ്രാവാക്യം ഉയർത്തിയുള്ള പര്യടനത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വൈകിട്ട് മൂന്നിന് മുസ്ലിംലീഗ് ജില്ലാ പ്രവർത്തക കൺവെൻഷൻ ആലുവ നഗരസഭ ടൗൺ ഹാളിൽ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ഡോ.എം.കെ. മുനീർ, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.എം. ഷാജി, ടി.എ. അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുക്കും. 2ന് കാസർക്കോട് നിന്ന് ആരംഭിച്ച പര്യടനം 23ന് കോഴിക്കോട്ട് സമാപിക്കും.