1

പള്ളുരുത്തി: ഇടക്കൊച്ചി, പള്ളുരുത്തി മേഖലയിലെ അങ്കണവാടികളിൽ കുട്ടികൾക്ക് നൽകുന്ന ശർക്കര പൂപ്പൽ ബാധിച്ച് ഉരുകിയൊലിച്ച നിലയിൽ. നഗരസഭാ കൗൺസിൽ യോഗത്തിൽ പരാതി വന്നതോടെ ഇന്നലെ പുലർച്ചെ ഇവ നീക്കം ചെയ്തു. അങ്കണവാടികളിലേക്ക് ആവശ്യമുള്ളതിലേക്കാളേറെ അധിക സ്റ്റോക്ക് നൽകിയതാണ് പ്രതിസന്ധിക്ക് കാരണം.

അങ്കണവാടികളിൽ നിലവിലുള്ള സ്റ്റോക്കും രണ്ടു മാസത്തേക്ക് ആവശ്യമായി വരുന്ന ഭക്ഷ്യവസ്തുക്കളുടെയും അളവ് അങ്കണവാടി ടീച്ചർമാർ റിപ്പോർട്ട് നൽകണം. ഇതനുസരിച്ചാണ് അങ്കണവാടികളിൽ എത്തിച്ച് നൽകുന്നത്. പക്ഷേ പതിവിനു വിപരീതമായി കഴിഞ്ഞ തവണ ഇരട്ടിയിലേറെ ശർക്കരയാണ് എത്തിച്ചിരുന്നത്.

അങ്കണവാടിലേക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ കണക്കെടുക്കാതെ സൂപ്പർവൈസർ നൽകിയ ലിസ്റ്റ് അനുസരിച്ചായിരുന്നു വിതരണം. പല അങ്കണവാടികളിലും നൽകിയ ശർക്കര അധികമാണെന്ന് അദ്ധ്യാപികമാർ അറിയിച്ചെങ്കിലും അവ തിരിച്ചെടുത്തില്ലെന്ന് അക്ഷേപമുണ്ട്.

നാല്പതോളം അങ്കണവാടികളിൽ നിന്ന് കിലോക്കണക്കിന് മോശമായ ശർക്കരയാണ് ഇന്നലെ പുലർച്ചയോടെ നീക്കം ചെയ്തത്. പല അങ്കണവാടികളിലും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ മതിയായ സൗകര്യമില്ലാത്തതിനാൽ കുട്ടികൾ ഇരിക്കുന്നിടത്താണ് വയ്ക്കുന്നത്. രാസവസ്തു കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞയിടെ വിതരണം ചെയ്ത അമൃതം പൊടിയും തിരിച്ചെടുത്തിരുന്നു.