p

കൊച്ചി: മേയ് എട്ടിനുനടന്ന കേരള ജുഡിഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷയിലെ 9 ചോദ്യങ്ങൾ ഒഴിവാക്കി. ഇന്നലെ പ്രസിദ്ധീകരിച്ച അന്തിമ ഉത്തരസൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ പ്രിലിമിനറി പരീക്ഷയുടെ കരട് ഉത്തരസൂചിക പ്രസിദ്ധീകരിച്ച് ഉത്തരങ്ങളിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു.

ഇങ്ങനെ എതിർവാദങ്ങൾ പരിഗണിച്ചാണ് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. നേരത്തെ പ്രസിദ്ധീകരിച്ച കരട് ഉത്തരസൂചികയിലെ നാല് ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് മാറ്റമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മുൻസിഫ് മജിസ്ട്രേറ്റ് നിയമനങ്ങൾക്കുവേണ്ടി ഹൈക്കോടതിയാണ് പരീക്ഷ നടത്തുന്നത്. ഒമ്പത് ചോദ്യങ്ങൾ ഒഴിവാക്കുന്നതോടെ ഇതിനനുസരിച്ച് കട്ട് ഒഫ് മാർക്കിലും വ്യത്യാസംവരും.