കൊച്ചി: ശക്തമായ കാറ്റിലും മഴയിലുമകപ്പെട്ട് മത്സ്യബന്ധനവള്ളം കടലിൽ മുങ്ങി. ബീച്ച് റോഡിന് പടിഞ്ഞാറ് ഒരുനോട്ടിക്കൽ മൈൽ അകലെ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. വള്ളത്തിലുണ്ടായിരുന്ന ചെല്ലാനം, കണ്ടക്കടവ് സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പുലർച്ചെ ആറോടെ ചെല്ലാനത്തുനിന്ന് പുറപ്പെട്ടതാണ് വള്ളം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടം. ചെല്ലാനം കടവുങ്കൽ സ്വദേശി ജോളിയുടെ ഉടമസ്ഥതയിലുള്ള ആന്ത്രയോസെന്ന ചെറുവള്ളമാണ് മറിഞ്ഞത്. കോസ്റ്റൽ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് എസ്.ഐ കെ.ഇ. ഷാജിയുടെ നേത്യത്വത്തിൽ കോസ്റ്റൽ വാർഡന്മാരും മറൈൻ എൻഫോഴ്‌സ്‌മെന്റ് അധികൃതരുമെത്തിയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. വള്ളം പിന്നീട്‌ കെട്ടിവലിച്ച് കരയ്ക്കടുപ്പിച്ചു.