കൊച്ചി: 44 വർഷം മുമ്പ് അയൽവാസിക്ക് എ നെഗറ്റീവ് രക്തം നൽകുമ്പോൾ തൃപ്പൂണിത്തുറ ചൂരക്കാട് കൃഷ്ണയിൽ സതീശൻ മേനോന് പ്രായം 19. എന്നാൽ അപകടത്തിൽ പരിക്കേറ്റ അച്ഛന്റെ ചികിത്സയ്ക്കുള്ള രക്തത്തിനായി അലഞ്ഞത് സതീശന്റെ ജീവിതത്തിൽ വഴിത്തിരിവായി. അന്നു മുതലാണ് രക്തദാനം സതീശൻ ജീവിത വ്രതമാക്കിയത്.
55 വയസുവരെ മൂന്നുമാസത്തിലൊരിക്കൽ രക്തം നൽകിയിരുന്നു. അതുകഴിഞ്ഞ് ഇടവേള വർദ്ധിപ്പിച്ചു. 63 ആയപ്പോൾ ആറുമാസത്തിലൊരിക്കലായി. 65 വയസുവരെയേ രക്തദാനം അനുവദിക്കൂ. ഇതുവരെ 120 തവണ രക്തനാനം ചെയ്തു. ഇത് രേഖകളിലെ കണക്കുമാത്രം. ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാം. രക്തം ഏർപ്പാടാക്കാൻ ദാതാക്കളുടെ ഡയറക്ടറിയുമായി സതീശൻ റെഡി.
പത്തുവർഷം മുമ്പ് 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ജീവിതം തിരിച്ചുനൽകിയതാണ് മറക്കാൻ പറ്റാത്ത അനുഭവം. രക്തദാനത്തിലെ പകുതിയും എറണാകുളം ഐ.എം.എ ബ്ളഡ് ബാങ്കിലാണ് സതീശൻ നൽകിയത്. തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ജംഗ്ഷനിൽ ബുള്ളറ്റുകൾക്കായി 'സ്മൂത്ത് റൈഡ് ടൂവീലർ ഗാരേജെ"ന്ന വർക്ക്ഷോപ്പ് നടത്തുകയാണ് സതീശൻ.
എല്ലാം സൗജന്യം
രക്തം നൽകാൻ ആരിൽ നിന്നും യാത്രക്കൂലി പോലും വാങ്ങിയിട്ടില്ല. എവിടെയായാലും സ്വന്തംചെലവിലാണ് യാത്ര. 25 വർഷംമുമ്പ് വാഹനാപകടത്തിൽപ്പെട്ട യുവാവിന് രക്തം നൽകാൻ കോയമ്പത്തൂരിൽ പോയിരുന്നു. അതായിരുന്നു രക്തം നൽകാൻ പോയ വലിയ യാത്ര. വിവിധ ആശുപത്രികളുടെയും ബ്ളഡ് ബാങ്കുകളുടെയും സഹകരണത്തോടെ 250 ക്യാമ്പുകളും സതീശൻ സംഘടിപ്പിച്ചു. സ്വന്തമായി തയ്യാറാക്കിയ ഡയറക്ടറിയിൽ പതിനായിരത്തിലേറെ രക്തദാതാക്കളുടെ വിശദവിവരങ്ങളുണ്ട്. അതിപ്പോഴും പുതുക്കും. ഭാര്യ ഇന്ദിരാദേവിയും മക്കളായ കൃഷ്ണകുമാറും വിഷ്ണുവും രക്തദാതാക്കളാണ്. വർക്ക് ഷോപ്പിലും രക്തദാന സന്ദേശങ്ങൾ എഴുതിവച്ചിട്ടുണ്ട്. ഫോൺ: 9447076775
'65 കഴിഞ്ഞാലും രക്തദാന ക്യാമ്പുകളും ബോധവത്കരണവുമായി സജീവമായിരിക്കും ".
- സതീശൻ മേനോൻ
'സതീശൻ മേനോൻ പുതിയ തലമുറയിലുള്ളവർക്കെല്ലാം പ്രചോദനമാണ്. സതീശന്റെ ഫോണിൽ ഓരോ സ്ഥലത്തേയും ഓരോ ഗ്രൂപ്പിലുമുള്ള ആളുകളുടെ നമ്പറുകളുണ്ട്".
- ഡോ. എബ്രഹാം വർഗീസ്, ഐ.എം.എ ബ്ലഡ് ബാങ്ക്, കൊച്ചി