അങ്കമാലി: പൊതുപരിപാടിയെന്ന് പ്രചരിപ്പിച്ച് തപാൽ വകുപ്പുമായി ചേർന്ന് ബി.ജെ.പി ആധാർ മേള നടത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം വേങ്ങൂർ പോസ്റ്റ് ഓഫീസിലാണ് ബി.ജെ.പി നേതാക്കൾ പങ്കെടുത്ത ആധാർ മേള നടന്നത്. തപാൽ വകുപ്പ് പോലുള്ള സർക്കാർ സ്ഥാപനത്തെ പാർട്ടി വേദിയാക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ അങ്കമാലി സൗത്ത് മേഖലയുടെ ആഭിമുഖ്യത്തിൽ വേങ്ങൂരിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീലക്ഷ്മി ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, പ്രസിഡന്റ് റോജീസ് മുണ്ടപ്ലാക്കൽ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ്, ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം പി.എ. അനീഷ്, മഹിളാ അസോസിയേഷൻ മുനിസിപ്പൽ സെക്രട്ടറി വിനീത ദിലീപ്, രാഹുൽ രാമചന്ദ്രൻ, നവീൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.