തൃപ്പൂണിത്തുറ: മുളന്തുരുത്തിയിൽ നിന്ന് ഉദയംപേരൂരേക്ക് കടക്കുന്ന പാലം കഴിഞ്ഞ് മറുകരയിലെത്തുമ്പോൾ മൂക്കു പൊത്തേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ശുചിത്വത്തിൽ മുൻ പന്തിയിലായ മുളന്തുരുത്തി പഞ്ചായത്തിന്റെ ഭാഗത്ത് റോഡിന്റെ ഇരുവശവും കാട് വെട്ടിത്തെളിച്ച് വശങ്ങളിൽ സുരക്ഷാ ബോർഡുകളും കുട്ടികളുടെ പാർക്കും സ്ഥാപിച്ചു മനോഹരമാക്കിയപ്പോൾ ഇപ്പുറം ഉദയംപേരൂർ ഭാഗത്ത് മൂക്കുപൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയാണ്.

ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാർഡായ ആറിലെ നടക്കാവ് -മുളന്തുരുത്തി റോഡാണ് മാലിന്യത്താൽ നിറയുന്നു. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ നടുക്കുള്ള പാലം മുളന്തുരുത്തി,​ ഉദയംപേരൂർ പഞ്ചായത്തുകളെ രണ്ടായി വിഭജിക്കുന്നു. കക്കൂസ് മാലിന്യങ്ങൾ മുതൽ കോഴിയുടെ അവശിഷ്ടങ്ങൾ വരെ പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളിയ സ്ഥിതിയാണ്. പകൽ വെളിച്ചത്തിൽ പോലും സാമൂഹ്യ വിരുദ്ധർ മാലിന്യമെറിഞ്ഞ് ഇതുവഴി കടന്നു പോവുന്നു. പഞ്ചായത്ത് കാമറ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ നടപടി ഒന്നുമായില്ല. റോഡിനടുത്ത സ്ഥാപനങ്ങളിലെ സി. സി ടിവി പരിശോധിച്ചാൽ മാലിന്യമെറിയുന്നവരെ കണ്ടെത്താമെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവുന്നില്ല.