school

മൂവാറ്റുപുഴ: സമഗ്ര ശിക്ഷാ അഭിയാൻ കേരള മൂവാറ്റുപുഴ ബി.ആർ.സി യുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ശലഭോദ്യാനത്തിന് പായിപ്ര ഗവ യു.പി സ്കൂളിൽ തുടക്കം. സ്കൂൾ കാമ്പസിൽ പൂമ്പാറ്റകൾ ധാരാളം പാറിപ്പറക്കുന്ന രീതിയിൽ ചെടികൾ നട്ടു പരിപാലിക്കുന്ന പദ്ധതിയാണ് ശലഭോദ്യാനം. ശലഭങ്ങളെ അറിയുന്നതിലൂടെ പ്രകൃതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുക എന്ന പാഠം കുട്ടികൾക്ക് പകർന്ന് നൽകുന്നതിനും പൂമ്പാറ്റകളെ ആകർഷിക്കുന്ന പൂക്കളുടെ വൈവിധ്യങ്ങൾ തിരിച്ചറിയുന്നതിനും ശലഭോദ്യാനം സഹായകമാവും. ശലഭങ്ങളെ ആകർഷിക്കുന്ന കൃഷ്ണകിരീടം, കിലുക്കി, ചെത്തി, കൂവളം, തുമ്പ, ചെമ്പരത്തി, നാരകം, തുടങ്ങിയ അമ്പതോളം ചെടികളാണ് ഉദ്യാനത്തിൽ ഒരുക്കിയിട്ടുള്ളത്. ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ആനി ജോർജ് നിർവഹിച്ചു. തട്ടേക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി .എ. ഷാജി ശലഭോദ്യാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ ഡിംപിൾ ജോയി, ഹെഡ്മിസ്ട്രസ് വി.എ.റഹീമ ബീവി, അദ്ധ്യാപകരായ കെ.എം.നൗഫൽ, എ.സലീന, അജിത രാജ്, കെ. എം.അനീസ, പി.ടി.എ അംഗങ്ങളായ പി.ഇ. നൗഷാദ്, പി .എം.നവാസ്, ഷാഹുൽ മാത്തുംകാട്ടിൽ, ഷെമീന ഷെഫീഖ് എന്നിവർ സംസാരിച്ചു.