ആലുവ: കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ചർച്ച ചെയ്യുന്നതിനായി കീഴ്മാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സ്പെഷ്യൽ ഗ്രാമസഭ ചേരാൻ തീരുമാനം. ഇന്ന് വൈകിട്ട് നാലിന് തോട്ടുമുഖം എൻ.കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്രാമസഭയിൽ എല്ലാ വോട്ടർമാരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് അംഗം നജീബ് പെരിങ്ങാട്ട് അറിയിച്ചു. കിൻഫ്ര പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ പെരിയാറിൽ നിന്നും ഭീമമായ തോതിൽ വെള്ളം പമ്പ് ചെയ്യുന്നത് ഭാവിയിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയിൽ രണ്ടാം വാർഡിലെ വോട്ടർമാർ രേഖാമൂലം പരാതിപ്പെട്ടത് പ്രകാരമാണ് ഗ്രാമസഭ വിളിക്കുന്നത്.

18 -ാം വാർഡിൽ സ്പെഷ്യൽ ഗ്രാമസഭയില്ല

പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചിട്ടും 18 -ാം വാർഡ് അംഗം സിമി അഷറഫ് സ്പെഷ്യൽ ഗ്രാമസഭ വിളിക്കുന്നില്ലെന്ന് പരാതിയുയർന്നു. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കാർബൺ പേപ്പർ നിർമ്മാണ യൂണിറ്റിനെതിരെ നാട്ടുകാർ ഏറെനാളായി സമരത്തിലാണ്. വോട്ടർമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്പെഷ്യൽ ഗ്രാമസഭ വിളിക്കാൻ സെക്രട്ടറി നിർദേശിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിലെ ഭരണകക്ഷി അംഗമാണ് സിമി അഷറഫ്. സി.പി.എം നേതാവിന്റെ കമ്പനിയെ സംരക്ഷിക്കുന്നതിന് ഗ്രാമസഭ വിളിക്കാതെ വാർഡ് അംഗം ഒളിച്ചുകളിക്കുന്നുവെന്നാണ് ആക്ഷേപം. ഇതിനെതിരെ ഓംബുഡ്സ്മാനെയും കോടതിയെയും സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.