കൊച്ചി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. വൈപ്പിൻ–ഫോർട്ടു കൊച്ചി റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. അറ്റകുറ്റപ്പണികൾക്കായി കയറിയ രണ്ടാം റോ-റോ ഉടൻ തിരിച്ചെത്തും. കൊച്ചിൻ കപ്പൽശാലയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. കഴിഞ്ഞ നാലു മാസമായി ഒരു റോ-റോ മാത്രമാണ് സർവീസിനുണ്ടായിരുന്നത്. രണ്ടു റോ-റോയും സർവീസിനുള്ളപ്പോൾ തന്നെ മറുകരയിലെത്താനായി വൈപ്പിൻ, ഫോർട്ടുകൊച്ചി ജെട്ടികൾക്ക് സമീപം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. സർവീസ് ഒരെണ്ണമായതോടെ തിരക്ക് രൂക്ഷമായി. പലരും യാത്ര റോഡ് മാർഗമാക്കി. ലക്ഷ്യസ്ഥാനത്തെത്താൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥയായി.
മൂന്നാം റോ-റോ കടലാസിൽ
നാലു വർഷം മുമ്പാണ് റോ-റോ സർവീസ് ആരംഭിച്ചത്. അന്നുമുതൽ പരാതികൾ ഒഴിഞ്ഞ നേരമില്ല. രണ്ടു ജങ്കാറുകളും സുഗമമായി സർവീസ് നടത്തണമെങ്കിൽ മൂന്നാമത് ഒരെണ്ണം കൂടി നിർമ്മിക്കണമെന്ന മുറവിളിക്ക് പരിഹാരമായി സംസ്ഥാന ബഡ്‌ജറ്റിൽ തുക വകയിരുത്തിയത് കോർപ്പറേഷന് ആശ്വാസമായി. ഇക്കാര്യത്തിൽ തുടർ നടപടികളുണ്ടായിട്ടില്ല.
എസ്.പി.വി രൂപീകരണം എങ്ങുമെത്തിയില്ല
റോ-റോ സർവീസ് നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിക്കാൻ മുൻ യു.ഡി.എഫ് ഭരണസമിതിയുടെ അവസാന സമയത്ത് കൗൺസിൽ തീരുമാനിച്ചെങ്കിലും അതിനുള്ള നടപടി സ്വീകരിച്ചില്ല. പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.എൻ.സിക്കാണ് സർവീസ് ചുമതല.
സ്‌പെയർ പാർട്‌സിനുള്ള തുകയും അറ്റകുറ്റപ്പണികളുടെ ചെലവും വഹിക്കുന്നത് കോർപ്പറേഷനാണ്. കെ.ഐ.എൻ.സി വരവു ചെലവു കണക്കുകൾ കോർപ്പറേഷന് കൃത്യമായി കൈമാറുന്നില്ലെന്ന് തുടക്കം മുതൽ പരാതിയുണ്ട്. റോ-റോ കോർപ്പറേഷന് സാമ്പത്തിക ബാദ്ധ്യതയാണെന്ന് അധികൃതർ പറയുന്നു. കമ്പനി രൂപീകരിച്ചാൽ ഇത് മറികടക്കാനാകും.
.
എസ്.പി.വി രൂപീകരണം വൈകുന്നു
റോ-റോ സർവീസ് നടത്തിപ്പിന് എസ്.പി.വി രൂപവത്കരിക്കുന്നതിന് മന്നോടിയായി ആറു മാസം മുമ്പ് കൗൺസിലർമാരുടെ സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ബെന്നി ബെനഡിക്ട്, ആന്റണി കുരീത്തറ, പ്രിയ പ്രശാന്ത്, ഹെൻട്രി ഓസ്റ്റിൻ, വി.കെ. മിനിമോൾ, വി.എസ്. വിനു എന്നിവരാണ് ഇതിലെ അംഗങ്ങൾ.
സ്പെയർപാർട്സുകൾ ലഭിക്കാൻ കാലതാമസം വന്നതുകൊണ്ടാണ് റോ-റോ സേതുസാഗർ 2 ന്റെ അറ്റകുറ്റപണികൾ വൈകിയത്. അടുത്ത ആഴ്ച സർവീസ് പുനരാരംഭിക്കും. മൂന്നാം റോ-റോ ലഭ്യമാക്കാൻ കൊച്ചി കപ്പൽശാലയുടെ സഹായം തേടും.
എം. അനിൽകുമാർ
മേയർ