bridge

ആലുവ: ജലസേചന വകുപ്പിന് കീഴിലെ പെരിയാർവാലി ഇറിഗേഷൻ വകുപ്പിന്റെ തോട്ടക്കാട്ടുകരയിലെ അക്വഡേറ്റ് പാലം അപകടാവസ്ഥയിലായിട്ടും കണ്ണുതുറക്കാത്ത അധികാരികൾക്കെതിരെ പ്രതിഷേധം. ആലുവക്കാരനായ സംവിധായകൻ അൽഫോൺസ് പുത്രന്റെ 'പ്രേമം' സിനിമയിലൂടെ സൂപ്പർഹിറ്റായ പാലം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്നാണ് ആക്ഷേപം.

പാലത്തിന്റെ തൂണുകളും അടിഭാഗവുമെല്ലാം കൈവരികളുമെല്ലാം ദ്രവിച്ച് കമ്പികൾ പുറത്തു കാണുന്ന നിലയിലാണ്. ആലുവയിൽ നിന്നും കാർഷികാവശ്യത്തിനും മറ്റുമായി പറവൂരിലേക്ക് വെള്ളമെത്തിക്കുന്നതിന് 48 വർഷം മുമ്പ് നിർമ്മിച്ചതാണ് അക്വഡേറ്റ്. ശാസ്ത്രീയ പഠനമൊന്നുമില്ലാതെ നടപ്പിലാക്കിയ പദ്ധതി വേണ്ടത്ര വിജയം കണ്ടിരുന്നില്ല. പദ്ധതി പാളിയതോടെ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപുകാർ നടപ്പാലമായി ഇതിനെ ഉപയോഗിച്ചു. ആലുവ മാർക്കറ്റ് മുതൽ യു.സി കോളേജ് വരെയുള്ള ഭാഗത്താണ് കനാൽ അക്വഡേറ്റിലൂടെ കൊണ്ടുപോകാൻ ഉദ്ദേശിച്ചത്. മൂന്നിടത്ത് അക്വഡേറ്റിന് മുകളിലേക്ക് കയറാനുള്ള സൗകര്യമുണ്ട്. ഇതിൽ തോട്ടയ്ക്കാട്ടുകര കടുങ്ങല്ലൂർ റോഡിന് കുറുകെ പോകുന്ന അക്വഡേറ്റിന്റെ ചവിട്ടുപടികൾ ഏത് നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. ഇവിടെയുള്ള തൂണുകളെ ചുറ്റി വലിഞ്ഞ വലിയ മരം വളർന്നിട്ടും അത് വെട്ടാനുള്ള ശ്രമം പോലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല.

നാശത്തിന്റെ വക്കിലായ പാലം അധികാരികൾ കൈവിട്ടതോടെ മദ്യം മയക്കു മരുന്ന് മാഫിയയും മോഷണ സംഘങ്ങളും താവളമാക്കുകയും ചെയ്തു. 'പ്രേമം' സിനിമയിലൂടെ ശ്രദ്ധേയമായതോടെ അക്വഡേറ്റ് പാലം വിനോദ സഞ്ചാര കേന്ദ്രമായും മാറിയിരുന്നു. പകൽ സമയങ്ങളിൽ ഇവിടെ കോളേജ് വിദ്യാർത്ഥികളുടെ തിരക്കായി. ഇതിന് പുറമെ പ്രഭാത സായാഹ്ന സവാരിക്കാരുമേറി. ഇതോടെ പാലം ഏറ്റെടുത്ത് ടൂറിസം പദ്ധതി ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന അഡ്വ. ബി.എ. അബ്ദുൾ മുത്തലീബ് മുൻകൈയെടുത്ത് 50 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ കൊവിഡിന്റെ പേരിൽ പദ്ധതി മുടങ്ങി. 2018ലെ പ്രളയകാലത്ത് ഒറ്റപ്പെട്ട ഉളിയന്നൂർ സ്വദേശികൾക്ക് നഗരത്തിലേക്ക് എത്താൻ അക്വഡേറ്റ് പാലം ഏറെ സഹായകമായി.പാലം പുനരുദ്ധരിച്ച് ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് നഗരസഭ കൗൺസിലർ ടിന്റു രാജേഷ് ആവശ്യപ്പെട്ടു.