പറവൂർ: വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര - മൂത്തകുന്നം റോ‌‌ഡുമായി ചേർന്നുള്ള തറയിൽകവല - വാവക്കാട് സ്കൂൾ - ഹൈൽത്ത് സെന്റർ, ചെട്ടിക്കാട് ചർച്ച് റോഡ് എന്നിവ ബൈപ്പാസുകളായി ഉയർത്തി നവീകരിക്കുന്നതിനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ദേശീയപാതയും വൈപ്പിൻ- പള്ളിപ്പുറം സ്റ്റേറ്റ് ഹൈവേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ ബൈപ്പാസ് റോ‌ഡ്. വീതികുറഞ്ഞ മാല്യങ്കര - മൂത്തകുന്നം റോഡിലെ ഗതാഗതകുരുക്ക് ബൈപ്പാസ് നിർമ്മാണത്തിലൂടെ പരിഹരിക്കാനാകും. മാല്യങ്ക എസ്.എൻ.എം ആർട്സ് കോളേജ്, മാല്യങ്കര എസ്.എൻ.എം എൻജനിയറിംഗ് കോളേജ്, കൊട്ടുവള്ളിക്കാട് ഹയർ സെക്കൻഡറി സ്കൂൾ, ചെട്ടിക്കാട് പള്ളി എന്നിവ ഈ പ്രദേശത്താണ്. കുര്യാപ്പിള്ളി സൗത്ത് - മാച്ചാതുരുത്ത് റോഡിലെ വാവക്കാട് സ്കൂൾ കവലയിൽ വന്നുചേരുന്നതാണ് ഒരു ബൈപ്പാസ്. ചെട്ടിക്കാട് പള്ളിയുടെ ഭാഗത്തുകൂടി മാല്യങ്കര പാലത്തിന് കിഴക്കുവശം വന്നുചേരുന്നതാണ് രണ്ടാമത്തെ ബൈപ്പാസ്. റോഡുകളുടെ വീതികൂട്ടുന്നതോടൊപ്പം തറയിൽകവല - വാവാക്കാട് പാലവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിക്കുന്ന പ്രകാരം ബൈപ്പാസ് റോഡിന്റെ നിർമ്മാണത്തിന്റെ നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.