കൊച്ചി: കുടിശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷനിലെ കരാറുകാർ സമരത്തിലേക്ക്. കേരള ഗവൺമെന്റ് കോൺട്രാക്‌ടേഴ്സ് ഫെഡറേഷൻ, കൊച്ചിൻ കോർപ്പറേഷൻ കോൺട്രാക്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച നഗരസഭാ ഓഫീസിന് മുന്നിൽ ധർണ നടത്തും. 41 മാസത്തെ കുടിശികയായി നൂറു കോടിയോളം രൂപയാണ് കരാറുകാർക്ക് ലഭിക്കാനുള്ളത്. കേരളത്തിലെ മറ്റൊരു തദ്ദേശസ്ഥാപനത്തിലും ഇത്രയും നീണ്ട കുടിശികയില്ലെന്നും സീനിയോരിറ്റി ലംഘിച്ച് തെറ്റായ മാർഗങ്ങളിലൂടെ ചില കരാറുകാർക്ക് പണം നൽകുന്നതായും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ജെ. വർഗീസ് ധർണ ഉദ്ഘാടനം ചെയ്യും. പി.ജി. യേശുദാസ്, എം.ആർ.ബിനു, വി.എസ്. ഹെന്റി, ബിനുതരകൻ, എം.ജെ.സൈമൺ എന്നിവർ സംസാരിക്കും.