പറവൂർ: പറവൂർ നഗരത്തിലെ കവലകളുടെ വികസനത്തിന് ജി.സി.ഡി.എ പദ്ധതി വരുന്നു. ഇതിന്റെ രൂപരേഖ അധികംവൈകാതെ തയാറാവും.
വീതികുറഞ്ഞ റോഡുകളും ഇടുങ്ങിയ കവലകളും മൂലം ജനംനേരിടുന്ന ബുദ്ധിമുട്ടുകൾ ജി.സി.ഡി.എ എക്സിക്യൂട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ എ.എസ്. അനിൽകുമാർ ബജറ്റ് ചർച്ചയിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് വിഷയത്തെക്കുറിച്ച് പഠിക്കാൻ ഡപ്യൂട്ടി ടൗൺ പ്ലാനർ മഞ്ജു ജവഹറിന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെ ചെയർമാൻ ചുമതലപ്പെടുത്തി. ഇതനുസരിച്ച് നഗരസഭയിലെത്തിയ സംഘം കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. കൗൺസിലർമാരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പ്രധാനമായും വികസിപ്പിക്കേണ്ട കെ.എം.കെ, മുനിസിപ്പൽ, ചേന്ദമംഗലം, പുല്ലംകുളം കവലകൾ സംഘം സന്ദർശിച്ചു. നഗരസഭാധികൃതരുടേയും ജീവനക്കാരുടേയും നിർദേശങ്ങൾ അറിഞ്ഞ ശേഷം തുടർചർച്ചകൾ നടത്തും. ഇതിന് ശേഷമാകും പദ്ധതി രൂപരേഖ തയാറാക്കുക. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ സാമ്പത്തികം അടക്കമുള്ള തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് എ.എസ്. അനിൽകുമാർ പറഞ്ഞു.