കോടതി നിർദേശത്തിനായി കാത്തിരിക്കുന്നു

കൊച്ചി: കൊച്ചിയിൽ വൻ വെള്ളപ്പൊക്കത്തിന് വഴിവയ്ക്കുമെന്ന് ജലസേചന വകുപ്പ് റിപ്പോർട്ട് നൽകിയ വടുതലയിലെ ബണ്ട് പൊളിക്കുമെന്ന് വീണ്ടും സർക്കാരിന്റെ ഉറപ്പ്. സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്) മന്ത്രി പി. രാജീവുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ്.

മൂന്നാം തവണയാണ് സർക്കാരിന്റെ ഉറപ്പ്. ഏഴ് മാസം മുമ്പ് പി. രാജീവിനൊപ്പം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത യോഗത്തിലും ബണ്ട് എത്രയും വേഗം പൊളിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

ഡ്രഡ്‌ജിംഗ് മന്ത്രാലയത്തിന്റെ പുതിയ ഡ്രഡ്‌ജിംഗ് പ്ലാനും ബണ്ട് പൊളിക്കുന്നത് സംബന്ധിച്ച സ്വാസിന്റെ പദ്ധതിയും അംഗങ്ങൾ മന്ത്രിക്ക് സമർപ്പിച്ചു. ബണ്ട് പ്രദേശത്ത് എക്കലും ചെളിയും അടിഞ്ഞത് പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന ഹൈക്കോടതി നിർദേശം ശ്രദ്ധയിലുണ്ടെന്നും ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നം ചർച്ച ചെയ്യാൻ അടുത്തു തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബണ്ട് നീക്കേണ്ടതിന്റെ ആവശ്യകത പോർട്ടിനെ അറിയിക്കുമെന്നും അധികൃതരുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി. മഴക്കാലത്ത് 50 കി. മീറ്ററിലേറെ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമാകുന്നതാണ് ബണ്ടെന്നാണ് ജലസേചന വകുപ്പ് റിപ്പോർട്ട് നൽകിയത്.

ബണ്ട് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സർക്കാർ അതിന് പോർട്ടിനെ ചുമതലപ്പെടുത്തി. തങ്ങൾ അതിന് ഉത്തരവാദികളല്ലെന്ന് പോർട്ടും റെയിൽവേ ഫ്ലൈ ഓവർ നിർമ്മാണ കമ്പനിയായ അഫ്‌കോൺസും അറിയിച്ചതിനെത്തുടർന്നാണ് പ്രശ്‌നം പരിഹാരമാകാതെ നീളുന്നത്.

നാൾ വഴികൾ ഇങ്ങനെ:

2009-10 റെയിൽവേ ഫ്ലൈ ഓവർ പണിതു.

പാലം നിർമ്മാണത്തിന് കെട്ടിയ ബണ്ട് നീക്കാത്തതിന് കേസ്

2010- ബണ്ട് നീക്കാൻ ഹൈക്കോടതി ഉത്തരവ്.

2018,19- പ്രളയം. മൂന്ന് ദ്വീപുകളിലും ഏലൂർ, കളമശേരി, ആലുവ പ്രദേശങ്ങളിൽ വൻ വെള്ളക്കെട്ട്

2020 മേയ്- മുഖ്യമന്ത്രിക്ക് പരാതിയുമായി സ്വാസ്

2021 ജൂലായ്- മന്ത്രി പി. രാജീവിന് പരാതി,

2021ആഗസ്റ്റ്- ബണ്ട് പൊളിക്കുമെന്നുറപ്പ്

2021ആഗസ്റ്റ്, സെപ്തംബർ- വിഷയം രണ്ടുവട്ടം നിയമസഭയിൽ. ബണ്ട് പൊളിക്കുമെന്ന് ജലസേചനമന്ത്രി

2021 ഒക്ടോബർ- ബണ്ട് നീക്കാൻ സർക്കാരിനോട് കോടതി. മൂന്നാഴ്ച സമയം

ബണ്ട് നീക്കാൻ പോർട്ടിനെ സർക്കാർ ചുമതലപ്പെടുത്തി

2021നവംബർ- സാങ്കേതിക സംവിധാനങ്ങളില്ലെന്നു പോർട്ട്

2022 ജൂൺ- കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം,