പള്ളുരുത്തി: അങ്കണവാടിയിലെ ശർക്കരയിൽ പൂപ്പൽ കണ്ടെത്തിയ സംഭവത്തിൽ ഇടക്കൊച്ചിയിലെ അങ്കണവാടികളിലെ ജീവനക്കാരായ പത്തുപേർക്ക് ശിശുവികസനപദ്ധതി ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇടക്കൊച്ചി 16-ാം ഡിവിഷനിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള അങ്കണവാടികളിലെ ടീച്ചർമാർക്കും ഹെൽപ്പർമാർക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അങ്കണവാടികളിൽ സ്റ്റോക്ക് അധികമുണ്ടെങ്കിൽ സൂപ്പർവൈസറേയോ ശിശുവികസന പദ്ധതി ഓഫീസറേയോ പരാതി എഴുതി അറിയിക്കാത്തതിന്റെ കാരണവും സംഭവം മാദ്ധ്യമങ്ങൾക്ക് എങ്ങനെ ലഭിച്ചുവെന്നും ചോദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം മറുപടി വേണമെന്നും ഇല്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കും അങ്കണവാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂപ്പർവൈസറെയോ പദ്ധതി ഓഫീസറെയോ ഫോണിൽ വിളിച്ചറിയിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് അങ്കണവാടി ജീവനക്കാർ പറയുന്നു.
കൗൺസിൽ യോഗത്തിൽ കൗൺസിലർ അഭിലാഷ് തോപ്പിൽ പരാതിപ്പെട്ടതോടെയാണ് വെള്ളിയാഴ്ച്ച ശർക്കര നീക്കംചെയ്തത്. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്. പള്ളുരുത്തി, ഇടക്കൊച്ചി മേഖലകളിലെ നാല്പതോളം അങ്കണവാടികളിൽനിന്ന് പൂപ്പൽ പിടിച്ച ശർക്കര നീക്കം ചെയ്തിരുന്നുവെങ്കിലും കൗൺസിൽ യോഗത്തിൽ പരാതി പറഞ്ഞ കൗൺസിലറുടെ ഡിവിഷനിലെ അങ്കണവാടി ജീവനക്കാർക്ക് മാത്രം നോട്ടീസ് നൽകിയത് ശിശു വികസന പദ്ധതി ഓഫീസറുടെ പ്രതികാര നടപടിയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
 കപ്പലണ്ടിയും പരിപ്പും അധികസ്റ്റോക്ക്
കുട്ടികൾക്ക് നൽകുന്ന റാഗിയും കാലാവധി കഴിഞ്ഞതെന്ന് പരാതി. പള്ളുരുത്തി, ഇടക്കൊച്ചി മേഖലകളിലെ അങ്കണവാടികളിൽ കപ്പലണ്ടിയും പരിപ്പും റാഗിയും അധിക സ്റ്റോക്കുണ്ടെന്നാണ് വിവരം. അങ്കണവാടികളിൽ ആവശ്യമുള്ളതിലേറെ സ്റ്റോക്ക് നൽകി നഗരസഭയ്ക്ക് നഷ്ടം വരുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൗൺസിലർ അഭിലാഷ് തോപ്പിൽ വനിത - ശിശു വികസന വകുപ്പ് മന്ത്രിക്ക് പരാതി നൽകി.