covid

കൊച്ചി: ജില്ലയിൽ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. ജൂൺ 1 മുതൽ 10 വരെ 5422 പേർക്ക് രോഗം സ്ഥിരീകരിച്ചു. എല്ലാം ശാന്തമായെന്ന മട്ടിൽ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും വിദ്യാലയങ്ങൾ മുൻകാലങ്ങളിലെപ്പോലെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ദിനംപ്രതി പുറത്തുവരുന്ന കൊവിഡ് കണക്കുകൾ ആശങ്കാജനകമാണ്. പൊതുസ്ഥലത്ത് ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം തുലോം കുറഞ്ഞു. സാമൂഹികാകലം പാലിക്കുന്നതും സാനിറ്റൈസർ ഉപയോഗവും പാടെ മറന്നു. അതിനിടയിലാണ് നാലാം തരംഗത്തിന്റെ പ്രതീതിയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നത്.

സംസ്ഥാനത്ത് റിപ്പോർട്ടുചെയ്യുന്ന പോസിറ്രീവ് കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ് എന്നതും ശ്രദ്ധേയമാണ്. പനി, ജലദോഷം, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ സാംക്രമിരാഗോങ്ങളും ജില്ലയിൽ ഗണ്യമായി വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. ഒരാൾ ഡെങ്കിപ്പനി ബാധിച്ചും മരണപ്പെട്ടു.