ആലുവ: കനത്ത പൊലീസ് വലയത്തിലും ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി. നാല് പേരെ കസ്റ്റഡിയിലെടുത്തു. ആലുവ പുളിഞ്ചോട് കവലക്ക് സമീപമാണ് സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ്, ആലുവ മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, സോഷ്യൽ മീഡിയ കൺവീനർ വിനൂപ് ചന്ദ്രൻ, സുധീഷ് നെടുമ്പാശേരി എന്നിവരെ കസ്റ്റഡിയിലെടുത്തത്. പുളിഞ്ചോട്ടിലെ 'പാതിരാകോഴി' ഹോട്ടലിൽ ചായക്കുടിക്കാനെന്ന വ്യാജേന നേരത്തെ എത്തിയ സമരക്കാർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ പുറത്തേക്ക് ഓടിയെത്തി കരിങ്കൊടി വീശുകയായിരുന്നു. വാഹനവ്യൂഹം അൽപ്പം വേഗത കുറച്ചെങ്കിലും നിറുത്തിയില്ല. നാല് പേരും കറുത്ത ഷർട്ടാണ് ധരിച്ചിരുന്നത്.
ആംബുലൻസും കുടുങ്ങി
ബൈപ്പാസിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പോകാൻ സൗകര്യമൊരുക്കിയതോടെ രോഗിയുമായി പോയ ആംബലുൻസും കുടുങ്ങി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ശേഷമാണ് ആംബുലൻസിന് അങ്കമാലി ഭാഗത്തേക്ക് പോകാൻ കഴിഞ്ഞത്.