കൊച്ചി: മൂല്യങ്ങൾ മാറ്റിവച്ച് മതങ്ങൾ വാദപ്രതിവാദത്തിലേക്ക് പോകരുതെന്ന് മുസ്ലിംലീഗ് അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മാനവസൗഹൃദ സന്ദേശവുമായി മുസ്ലിംലീഗ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന സുഹൃദ്സംഗമം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പുലർത്തിവന്ന മുല്യങ്ങൾ വിവിധ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെയാണ്. ഓരോ മതങ്ങളും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സ്നേഹത്തിന്റെയും കരുണയുടെയും ദയയുടെയും സാഹോദര്യത്തിന്റെയും ഒക്കെയാണ്. മതമൂല്യങ്ങളിലേയ്ക്ക് ശ്രദ്ധ ഊന്നിയാൽ മനുഷ്യനന്മ ഉറപ്പിക്കാൻ കഴിയും. നന്മയിലൂന്നിയ മനുഷ്യത്വത്തെ മറന്നുകൊണ്ടുള്ള പ്രചാരമല്ല, മനുഷ്യത്വത്തെ ഊട്ടിഉറപ്പിക്കുന്ന പ്രവർത്തനങ്ങളാണ് വേണ്ടത്. രാഷ്ട്രീയത്തിന്റെ പേരിലായാലും മതത്തിന്റെ പേരിലായാലും സാമൂഹ്യ, വാണിജ്യ കാര്യങ്ങളിലായാലും ഉയർത്തിപ്പിടിക്കേണ്ടത് മനുഷ്യത്വമാണ്. കൈമാറേണ്ട സന്ദേശവും അതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, എം.കെ മുനീർ തുടങ്ങിയവരും പങ്കെടുത്തു.