കോലഞ്ചേരി: വടവുകോട് ബ്‌ളോക്ക് പഞ്ചായത്തിൽ ഇടത്, വലത് മുന്നണികൾ തമ്മിൽ സമവായത്തിൽ എത്തിയില്ല. ഇതോടെ പ്രസിഡന്റ് സ്ഥാനം ട്വന്റി20 പിടിക്കാൻ സാധ്യതയേറി. പ്രസിഡന്റായിരുന്ന യു.ഡി.എഫിലെ വി.ആർ. അശോകന്റെ നിര്യാണത്തെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

നിലവിൽ യു.ഡി.എഫിനാണ് വടവുകോട് ബ്‌ളോക്ക് പഞ്ചായത്ത് ഭരണം. ട്വന്റി20- 5, യു.ഡി.എഫ്- 4, എൽ.ഡി.എഫ്- 3 എന്നിങ്ങനെയാണ് കക്ഷിനില. വി.ആർ. അശോകനെ പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോൾ ട്വന്റി20 വോട്ടിംഗിൽ നിന്ന് വിട്ടുനിന്നിരുന്നു. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് 17ന് നടക്കാനിരിക്കെ എൽ.ഡി.എഫിന്റെ ജൂബിൾ ജോർജും ട്വന്റി20യുടെ റസീന പരീതും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ റസീന പരീത് പ്രസിഡന്റാകാനാണ് സാദ്ധ്യത. എൽ.ഡി.എഫ് യു.ഡി.എഫിന് പിന്തുണ നൽകാത്തതിനാൽ തുടർന്നുള്ള നാളുകളിൽ പ്രസിഡന്റ് സ്ഥാനം ട്വന്റി20 നിലനിർത്തിയേക്കാം. അതേസമയം, മറ്റ് സ്ഥാനങ്ങൾ നിലനിർത്താൻ ട്വന്റി20 ക്ക് കഴിയില്ല. കേവല ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ അവിശ്വാസത്തിലൂടെ വൈസ് പ്രസിഡന്റിനെ അടക്കം മറ്റുള്ളവരെ പുറത്താക്കാൻ കഴിയൂ. അതായത് 7 പേരുടെ പിന്തുണ ഉണ്ടെങ്കിലേ വടവുകോട്ടിൽ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ പോലും കഴിയൂ. ഇതോ‌ടെ പ്രസിഡന്റ് സ്ഥാനമൊഴിച്ച് മറ്റൊന്നും ട്വന്റി20ക്ക് ലഭിക്കില്ല. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയടക്കം മറ്റു മുന്നണികൾ നിലനിർത്തുമ്പോൾ ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങും. അശോകന്റെ നിര്യാണത്തെ തുടർന്നുള്ള ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ആറു മാസത്തെ കാലാവധിയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡിവിഷനിൽ രണ്ടാം സ്ഥാനത്ത് ട്വന്റി20 ആയിരുന്നു. യു.ഡി.എഫ് കോട്ടയായ വാർഡിൽ ട്വന്റി20 അട്ടിമറി ജയം നേടിയാൽ പോലും ബ്ളോക്ക് ഭരണ തലത്തിൽ മാറ്റങ്ങൾ സംഭവിക്കില്ല. തിരഞ്ഞെടുപ്പിനെ സംബന്ധിച്ച ചർച്ചകൾ സജീവമാകുമ്പോൾ അന്തിമ തീരുമാനം കാത്തിരുന്ന് കാണേണ്ടതുതന്നെ.