vr

കിഴക്കമ്പലം: സ്ഥാനമാനങ്ങൾ കിട്ടുമ്പോൾ അഹങ്കരിക്കുകയും ഇല്ലാതിരിക്കുമ്പോൾ നിരാശപ്പെടുകയും ചെയ്യേണ്ടവരല്ല പൊതുപ്രവർത്തകരെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജനഹൃദയങ്ങളിൽ വി.ആർ. അശോകനുണ്ടായ മതിപ്പാണ് അദ്ദേഹത്തിന്റെ ജീവിതത്തെ ധന്യമാക്കിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.ആർ. അശോകൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ ജീവിതമായിരുന്നു അശോകന്റേത്. നാടിന്റെ വികസനമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു പൊതുപ്രവർത്തകൻ എന്ന നിലയിലെ അശോകന്റെ ലക്ഷ്യം. പൊതുപ്രവർത്തകർക്ക് മാതൃകയാണ് ആ ജീവിതമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി. പി. സജീന്ദ്രൻ, ബെന്നി ബെഹനാൻ എം.പി, കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, കെ.പി. ധനപാലൻ, ഐ.കെ. രാജു, എം.പി. വർഗീസ്, സി.പി. ജോയ്, നിബു കുര്യാക്കോസ്, ഡി.സി.സി സെക്രട്ടറിമാരായ അബ്ദുൽ ജബ്ബാർ, എം.പി. രാജൻ, കെ.പി. തങ്കപ്പൻ, ബിനീഷ് പുല്യാട്ടേൽ, സുജിത്ത് പോൾ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, കെ. എം. പരീത് പിള്ള, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, എ.പി. കുഞ്ഞുമുഹമ്മദ്, കെ.ജി. മന്മദൻ, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് ടി.ബി. തമ്പി തുടങ്ങിയവർ സംസാരിച്ചു.