മൂവാറ്റുപുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുടുംബ സൗഹൃദക്കൃഷിക്ക് ആവശ്യമായ കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശന, വിപണന മേള നടത്തുന്നു. കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേള സംഘടിപ്പിക്കുന്നത്. മഞ്ഞള്ളൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ ബ്ലോക്കിലെ മറ്റു കൃഷിഭവനുകളുടെ സഹകരണത്തോടെ ജൂൺ 14 നാണ് മേള സംഘടിപ്പിക്കുന്നത്. മഞ്ഞള്ളൂർ പഞ്ചായത്ത് കാര്യാലയത്തിന് സമീപം ബസ് സ്റ്റാൻഡിനോട് ചേർന്ന ഭാഗത്താണ് മേളയുടെ വേദി. വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾ മേളയിൽ പങ്കെടുക്കും.
പതിനാലിന് രാവിലെ 10ന് കർഷക സെമിനാർ ആരംഭിക്കും. 11ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അദ്ധ്യക്ഷത വഹിക്കും. ഒരു കുടുംബം- ഒരു ഡ്രയർ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും. കാർഷിക യന്ത്രവത്കരണ പദ്ധതിയിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.ജോസ് അഗസ്റ്റിൻ നിർവഹിക്കും. കാർഷിക യന്ത്രവത്കരണ പദ്ധതി, സ്റ്റേറ്റ് ഹോർടിക്കൾച്ചർ മിഷൻ മുതലായവ വഴി നൽകുന്ന സാമ്പത്തിക സഹായങ്ങൾ എന്നിവ സംബന്ധിച്ച് വിദഗ്ധർ ക്ലാസെടുക്കും.
മാറുന്ന കാലാവസ്ഥയിൽ ജാതി, കൊക്കോ, കപ്പ ,ചക്ക മുതലായ വിളകളുടെ മൂല്യവർദ്ധനവിന്വിവിധ തരത്തിലെ ഡ്രയർകളുടെ വിവരങ്ങളും മേള ലഭ്യമാക്കുന്നുണ്ട്. ഈ പദ്ധതികളിലേക്ക് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.