cow

കൊച്ചി: മഴക്കാലം തിമിർക്കുമ്പോൾ കന്നുകാലികൾക്കും വേണം പ്രത്യേക ശ്രദ്ധ. ഈ സമയത്ത് കാലികളെ ബാധിക്കുന്ന മുടന്തൻ പനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ എന്നിവയ്ക്കെതിരെ ക്ഷീരകർഷകർ കരുതിയിരിക്കണം.

ശ്രദ്ധിക്കേണ്ടവ

 പാലുത്പാദനം കൂടുതലുള്ള പശുക്കൾക്ക് മഴക്കാലത്ത് ഊർജം കൂടുതലായുള്ള തീറ്റകൾ ആവശ്യമായ അളവിൽ നൽകണം.

 മേയ്-ജൂണിൽ ഈച്ച, കൊതുക് എന്നിവയെ നിയന്ത്രിക്കണം. കർപ്പൂരം, കുന്തിരിക്കം, തുമ്പ എന്നിവ പുകയ്ക്കുന്നത് നല്ലതാണ്.

 കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവ ഈർപ്പം തട്ടാതെ സൂക്ഷിക്കുക.

 തൊഴുത്ത് എപ്പോഴും വൃത്തിയായിരിക്കണം. ഇതിനായി ബ്ലീച്ചിംഗ് പൗഡർ, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കാം.

 തറയിൽ വെള്ളവും പാലും കെട്ടി കിടക്കുന്നത് ഒഴിവാക്കണം.

 കറവക്കാരൻ ശുചിത്വം ഉറപ്പുവരുത്തണം. കറവയ്ക്ക് മുമ്പായി അകിട് വൃത്തിയായി കഴുകി തുടയ്ക്കണം. അകിടിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ നിസാരമായി കാണരുത്.

 കറവയ്ക്കുശേഷം പോവിഡോൺ അയഡിൻ ലായനി ഉപയോഗിച്ച് കാമ്പുകൾ മുക്കുന്നത് അകിട് വീക്കം തടയാൻ സഹായിക്കും.

 ഏതു കാലാവസ്ഥയിലും ചാണകവും മൂത്രവും തൊഴുത്തിനു സമീപം കെട്ടിനിൽക്കാതെ നീക്കണം.

 കുളമ്പുരോഗത്തിന് സർക്കാർ നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.

 മൃഗങ്ങളോട് അടുത്ത് പെരുമാറുന്നവരും ക്ഷീര കർഷകരും വ്യക്തി ശുചിത്വം പാലിക്കണം.