മരട്: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ് പ്രവർത്തനം ഊർജ്ജിതപ്പെടുത്തി. മരട്- നെട്ടൂർ ഭാഗത്ത് രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ കേരളകൗമുദിയിൽ കഴിഞ്ഞ ദിവസം വാർത്ത പ്രദ്ധീകരിച്ചിരുന്നു. ഇതോടെയാണ് നടപടിയുമായി നഗരസഭ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ രാത്രികാല പരിശോധനയിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ പത്തോളം പേർ കുടുങ്ങി. കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ നഗരസഭ സ്വീകരിച്ചു. ഈ ഇനത്തിൽ 25000 രൂപ നഗരസഭ പിഴയായി ഈടാക്കി. അതോടൊപ്പം നഗരസഭാ പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വില്പ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. ഈ ഇനത്തിൽ 1000 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിൽ രാത്രികാല സ്‌ക്വാഡ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തുമെന്നും കക്കൂസ് മാലിന്യം തള്ളുവാൻ എത്തുന്നവരെ പൊലീസിന്റെ സഹായത്തോടെ പിടിക്കുമെന്നും നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അറിയിച്ചു.