മൂവാറ്റുപുഴ: മൂവാറ്റുപുഴ- തേനി സംസ്ഥാനപാതയുടെ നിർമ്മാണം പുരോഗമിക്കുന്നു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 87 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് നിർമാണം.
മൂവാറ്റുപുഴ- തേനി സംസ്ഥാനപാത ഏഴര മീറ്റർ വീതിയിൽ നിർമ്മിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് 10 മീറ്റർ വീതിയിൽ നിർമ്മാണത്തിന് തീരുമാനമാകുകയായിരുന്നു. 16.18 കിലോമീറ്റർ ദൂരത്തിലെ റോഡിന്റെ നിർമ്മാണമാണ് നിലവിൽ പുരോഗമിക്കുന്നത്.
1997 സെപ്റ്റംബറിൽ അന്നത്തെ പൊതുമരാമത്തു മന്ത്രി പി.ജെ.ജോസഫാണ് മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ പ്രഖ്യാപനം നടത്തിയത്. പാതയുടെ നിർമാണത്തിന് തുടക്കം കുറിച്ച് കല്ലൂർക്കാട് കണിയാംകുടി ജംഗ്ഷനിൽ ശിലാഫലകം സ്ഥാപിക്കുകയും ചെയ്തിരുന്നു. 185 കിലോമീറ്റർ ദൂരമാണ് പാതയ്ക്കുള്ളത്. മൂവാറ്റുപുഴ ചാലിക്കടവ് പാലം ഭാഗത്തുനിന്ന് ആരംഭിക്കുന്ന റോഡ് കല്ലൂർക്കാട്, തഴുവംകുന്ന്, ഇടുക്കി ജില്ലയിലെ കുമാരമംഗലം, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ, വാഴത്തോപ്പ്, ഇരട്ടയാർ, നെടുങ്കണ്ടം പഞ്ചായത്തുകളിലൂടെയാണ് തമിഴ്നാട്ടിലെ തേനിയിലേക്കെത്തുന്നത്. മലയോര പാതയെന്ന നിലയിലും ഹൈറേഞ്ചും ലോറേഞ്ചും കോർത്തിണക്കുന്നതെന്ന നിലയിലും ഈ റോഡിന് ഏറെ പ്രത്യകതകളുണ്ട്. പാത പൂർത്തീകരിച്ചാൽ ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിനു അത് വൻ കുതിപ്പേകുമെന്ന് വിലയിരുത്തപ്പെടുന്നു. കേരള-തമിഴ്നാട് ചരക്കുഗതാഗതം അനായാസമാകുകയു ചെയ്യും. എറണാകുളം ജില്ലയുടെ ടൂറിസം വികസനത്തിന് ഉപകരിക്കുമെന്നതും മൂവാറ്റുപുഴ - തേനി സംസ്ഥാനപാതയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു.