പറവൂർ. അമൃത് 2.0 പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പറവൂർ നഗരസഭ 5.16 കോടി രൂപയുടെ പദ്ധതിരേഖ സമർപ്പിച്ചു. അടുത്ത അഞ്ച് വർഷക്കാലത്ത് നടപ്പിലാക്കേണ്ട കുടിവെള്ള പദ്ധതികൾക്കായാണ് രേഖകൾ സമർപ്പിച്ചിരിക്കുന്നതെന്ന് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് അറിയിച്ചു. നഗരസഭയുടെ കീഴിലെ പൊതുകുളങ്ങൾ, ദേവസ്വം ബോർഡിന് കീഴിലെ അഞ്ച് ക്ഷേത്രക്കുളങ്ങൾ, വാട്ടർ ബോഡിയുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ജലാശയങ്ങളുടെപുനരുദ്ധാരണത്തിനുള്ള പദ്ധതിനിർദേശം സമർപ്പിച്ചിരിക്കുന്നത്. പറവൂർ നഗരപരിധിയിലെ 1,800 വീടുകളിലേക്ക് പൈപ്പ് ലൈൻ ദീർഘിപ്പിക്കുക. റോഡ് റിസ്റ്റോറേഷൻ, പമ്പ് ഹൗസിലെ കാലപ്പഴക്കമുള്ള വാൽവുകൾ മാറ്റി പുതിയവ സ്ഥാപിക്കുക. നഗരപ്രദേശത്ത് ഇരുപത്തിനാല് മണിക്കൂറം കുടിവെള്ളം ലഭ്യമാക്കുന്നതിന് 3.90 കോടി, കാലപ്പഴക്കമുള്ള പൂതയിൽ - വെടിമറ റോഡിലെ 100 എം.എം ലൈനിനു പകരം 110 എം.എം പൈപ്പ് ലൈൻ സ്ഥാപിക്കാൻ 39.50 ലക്ഷം, പെരുവാരം - താമരകുളം റോഡിൽ 150 എം.എം പൈപ്പുകൾക്ക് പകരം 160 എം.എം പൈപ്പ് സ്ഥാപിക്കുന്നതിന് 17 ലക്ഷം, പെരുവാരം ഹോമിയോ ആശുപത്രി റോഡ് - വലിയകുളം - കിഴക്കേപ്രം പാലം വരെയുള്ള ഭാഗത്തെ 100 എം.എം പൈപ്പ് മാറ്റി 110 എം.എം പൈപ്പ്ലൈൻ സ്ഥാപിക്കാൻ 70 ലക്ഷം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.