പറവൂർ: കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ കൃഷിചെയ്ത പൊക്കാളി നെല്ലിന്റെ വിവിധ വിഭവങ്ങൾ കൃഷിമന്ത്രി പി. പ്രസാദിന് സമ്മാനമായി നൽകി. എന്റെ പൊക്കാളി എന്ന പേരിൽ പുറത്തിറക്കിയ പൊക്കാളി അരി, അവൽ, പുട്ടുപൊടി എന്നിവയാണ് നൽകിയത്. കോട്ടുവള്ളി പഞ്ചായത്തിൽ പത്ത് ഏക്കർ പാടത്ത് വിദ്യാർത്ഥികൾ നടത്തിയ പൊക്കാളികൃഷി വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തത് കൃഷി മന്ത്രിയായിരുന്നു. മന്ത്രിയുടെ ചേർത്തലയിലെ വസതിയിലെത്തിയാണ് പൊക്കാളി ഉൽപ്പന്നങ്ങൾ നൽകിയത്. മീറ്റ് പ്രൊഡക്ഷൻ ഒഫ് ഇന്ത്യാ ചെയർപേഴ്സൺ കമലാ സദാനന്ദൻ, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ലാ കാർഷിക വികസന സമിതി അംഗം പി.എൻ. സന്തോഷ്, ബോയ്സ് ഹോം ഡയറക്ടർ ഫാ. സംഗീത് ജോസഫ്, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു എന്നിവർ പങ്കെടുത്തു.