മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവർത്തന പദ്ധതിയായ സ്പർശത്തിന് കീഴിൽ, നിർദ്ധനയായ ആശാവർക്കറുടെ കുടുംബത്തിന് വീടൊരുങ്ങി. മാറാടി പഞ്ചായത്തിലെ ആശാവർക്കർ പ്രസന്ന ശശിക്കാണ് വീട് വച്ചുനൽകിയത്. വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടക്കും.
പ്ലാസ്റ്റിക് കവർ കെട്ടിയ ചോർന്നൊലിക്കുന്ന പ്രസന്നയുടെ കുടുംബത്തിന്റെ ദുരിതകഥ അറിഞ്ഞ മാത്യു കുഴൽ നാടൻ എം.എൽ.എയാണ് സ്പർശം പദ്ധതി പ്രകാരം വീട് വച്ചുനൽകാൻ തീരുമാനിച്ചത്.ഡ്രൈവറായിരുന്ന ഭർത്താവ് ശശിയുടെ മരണത്തോടെ പ്രസന്നയുടെ കുടുംബം ദുരിതത്തിലായിരുന്നു. വിധവയായതും മക്കളുടെ മികച്ച പഠനനിലവാരവുമെല്ലാം മുൻ നിർത്തിയാണ് പ്രസന്നയ്ക്കായി വീടൊരുക്കിയതെന്ന് എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ പ്രവാസി സുഹൃത്താണ് പദ്ധതിക്കായി പണം നൽകിയത്. ബാക്കിതുക കോൺഗ്രസ് മാറാടി മണ്ഡലം കമ്മിറ്റി സമാഹരിച്ചു നൽകി. പത്ത് ലക്ഷത്തോളം രൂപ ചെലവിലാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്.