police

കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന്‌ ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് പുത്തൻകുടി വലിയതോട്ടിൽ കുളിക്കാൻ പോയ സന്തോഷി(38)നെ കാട്ടാന ആക്രമിക്കുകയായിരുന്നു. സന്തോഷ് തിരികെ എത്താത്തതിനെ തുടർന്ന് നാട്ടുകാർ ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണ് ആനയുടെ ചവിട്ടേറ്റ നിലയിൽ മൃതദേഹം കണ്ടത്.

കാട്ടാന ശല്ല്യത്തിനെതിരെ നാട്ടുകാർ പലവട്ടം വനംവകുപ്പിന് പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് സന്തോഷിന്റെ ജീവൻ നഷ്ടമായതെന്നാരോപിച്ച് ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയും മൃതദേഹം നീക്കാൻ സമ്മതിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

സ്ഥലത്തെത്തിയ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എൽ.എ എന്നിവർ വനം മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചർച്ചയിൽ സന്തോഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്നും ആദ്യ ഗഡു ഇന്ന് നൽകാമെന്നും അറിയിച്ചു. സന്തോഷിന്റെ ഏക മകന് വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി നൽകാമെന്നും മന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി എം.പിയും എം.എൽ.എയും അറിയിച്ചതിനെ തുടർന്നാണ് മൃതദേഹം ഉച്ചയോടെ ആംബുലൻസിൽ കയറ്റാൻ നാട്ടുകാർ സമ്മതിച്ചത്.

മന്ത്രിയുടെ ഉറപ്പ് വിശ്വാസ്യയോഗ്യമല്ലെന്നാരോപിച്ച് നാട്ടുകാരിൽ ചിലർ ആംബുലൻസ് തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ നീക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് രാത്രി പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും ആവശ്യമായ സ്ഥലങ്ങളിൽ വേലികൾ സ്ഥാപിക്കുമെന്നും ഡി.എഫ്.ഒ പറഞ്ഞു.