
ആലുവ: ശിവരാത്രി മണപ്പുറത്തെ ആർച്ച് നിർമ്മാണം കരാറുകാരനും സ്പോൺസറും തമ്മിലെ തർക്കത്തെ തുടർന്ന് മുടങ്ങിയത് ക്ഷേത്ര ദർശനത്തിനും ബലിതർപ്പണത്തിനുമെത്തുന്ന വിശ്വാസികളെ ദുരിതത്തിലാക്കുന്നു. രണ്ടാഴ്ച്ചയോളമായി ആർച്ച് നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ അമ്പാട്ടുകാവ് സ്വദേശിയായഭക്തനാണ് 12 ലക്ഷം രൂപ ചെലവിൽ മണപ്പുറത്തെ അൽത്തറക്ക് സമീപം ആർച്ച് നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചത്. ഇതിന്റെ ഭാഗമായി മണപ്പുറത്തേക്ക് വാഹനങ്ങൾക്ക് നേരിട്ടുള്ള പ്രവേശനം രണ്ട് മാസത്തോളമായി നിരോധിച്ചിരിക്കുകയാണ്. തുടർന്ന് നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ നിർമ്മാണ ചെലവ് കൂടുമെന്നും പ്രതീക്ഷിച്ചതിലധികം കരിങ്കല്ല് ഉൾപ്പെടെ ചെലവായെന്നും അതിനാൽ കൂടുതൽ തുക വേണ്ടിവരുമെന്നും സ്പോൺസറെ കരാറുകാരൻ അറിയിച്ചതായാണ് വിവരം. എന്നാൽകരാർ പ്രകാരമുള്ള തുക മാത്രമേ നൽകുകയുള്ളൂവെന്ന് സ്പോൺസർ അറിയിച്ചതോടെ നിർമ്മാണം മുടങ്ങുകയായിരുന്നുവെന്നാണ് വിശ്വാസികൾ പറയുന്നത്. ആർച്ച്
നിർമ്മാണം ആരംഭിച്ചതോടെ മണപ്പുറത്തേക്കുള്ള വാഹനങ്ങൾ ഒരു കിലോമീറ്ററോളം കറങ്ങി വടക്കേ മണപ്പുറം വഴിയാണ് ക്ഷേത്രത്തിലെത്തുന്നത്. മഴയും ആരംഭിച്ചതോടെ മണപ്പുറത്തെ ചെളിയിൽ വാഹനങ്ങളുടെ ചക്രം പുതയുന്നത് നിത്യസംഭവമായി. ഇന്നലെ. ഹൈക്കോടതിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വാഹനം ചെളിയിൽ പുതഞ്ഞതോടെ വിഷയം ദേവസ്വം ഓംബുഡ്സ്മാന്റെ ശ്രദ്ധയിലെത്തി.ആർച്ച് നിർമ്മാണത്തിന്റെ മുഴുവൻ രേഖകളുമായി ഇന്ന് ഹാജരാകാൻ മണപ്പുറം അഡ്മിനിസ്ട്രേഷൻ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി
ആർച്ച് നിർമ്മാണം ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ അനിശ്ചിതത്വത്തിലാക്കിയതിലും മണപ്പുറത്തേക്കുള്ള വഴി അടച്ചു കെട്ടിയതിലും ഹിന്ദു ഐക്യവേദി ആലുവ താലൂക്ക് സമിതി പ്രതിഷേധിച്ചു. തികച്ചും അശാസ്ത്രീയമായിട്ടാണ് ആർച്ച് നിർമ്മിക്കുന്നത്. പ്രധാന വഴി അടച്ചതിനാൽ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ ദർശനം നടത്താനാകുന്നില്ല. ഭക്തജനങ്ങൾക്ക് മണപ്പുറത്ത് സുഗമമായി എത്തുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി ജി. ശിവദാസൻ, താലൂക്ക് ജനറൽ സെക്രട്ടറി ത്രി ദീപൻ, സംഘടനാ സെക്രട്ടറി കെ.ജി. ഹരിദാസ്, താലൂക്ക് സെക്രട്ടറി വി.ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.