elephant

കൊച്ചി: ജില്ലയുടെ അതിർത്തിഗ്രാമങ്ങളിൽ വന്യമൃഗശല്യം പതിവായിരിക്കേ സംഘർഷം രൂക്ഷമാകുന്നത് വനപാലകരും നാട്ടുകാരും തമ്മിൽ. കാടിറങ്ങുന്ന മൃഗങ്ങൾ മനുഷ്യരുടെ ജീവനും സ്വത്തിനും നാശംവിതയ്ക്കുമ്പോഴും വനപാലകർ അനങ്ങാപ്പാറനയം തുടരുന്നതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്.

കഴിഞ്ഞദിവസം കുട്ടമ്പുഴ പിണവൂർക്കുടി ആദിവാസി കോളനിയിലെ സന്തോഷ് പെരുമ്പാടി (48) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇത് വനംവകുപ്പിന്റെ അനാസ്ഥകാരണമെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരുമായുള്ള വാഗ്വാദം സംഘർഷത്തിലെത്തിയിരുന്നു. വീടിനടുത്തുള്ള തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സന്തോഷിനെ ആന ചവിട്ടിക്കൊന്നത്.

ഈ മേഖലയിൽ ആനശല്യം രൂക്ഷമാണ്. ആനകളെ തടയാൻ വനാതിർത്തിയിൽ കിടങ്ങ് നിർമ്മിക്കാമെന്ന വാഗ്ദാനം വനംവകുപ്പ് പാലിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വനത്തിലേക്ക് തുരത്താൻ രൂപീകരിച്ച ആർ.ആർ.ടിയും കാര്യക്ഷമമല്ല.

2020ൽ കുട്ടമ്പുഴ മേഖലയിൽ ഇറങ്ങിയ കാട്ടാന പടിഞ്ഞാറെക്കര എൽദോസിന്റെ കിണറ്റിൽ വീണിരുന്നു. അന്നും നാട്ടുകാരെ തണുപ്പിക്കാൻ വനംവകുപ്പ് പല വാഗ്ദാനങ്ങളും നൽകി. കുട്ടുമ്പുഴ മേഖലയിലെ വനാതിർത്തി പങ്കിടുന്ന 13 കിലോമീറ്റർ ചുറ്റളവിൽ കിടങ്ങ് താഴ്ത്താമെന്ന് മലയാറ്റൂർ ‌ഡി.എഫ്.ഒയുടെ നിർദ്ദേശപ്രകാരം കുട്ടമ്പുഴ റേഞ്ച് ഓഫീസർ നാട്ടുകാർക്ക് രേഖാമൂലം എഴുതിക്കൊടുത്ത വാഗ്ദാനവും കാറ്റിൽപ്പറന്നു.

ഇതിനിടെ പലതവണ ആനകൾ നാട്ടിലറങ്ങി നാശംവിതച്ചു; പലരും തലനാരിഴയ്ക്കാണ് മരണത്തിൽ നിന്ന് രക്ഷപെട്ടത്. വീടിന്റെ മുറ്റത്തും കാർപോർച്ചിലും സിറ്റൗട്ടിലും വരെ ആനകയറുന്ന സന്ദർഭങ്ങളുണ്ടായി. വീടിന്റെ പോർച്ചിൽ കിടന്ന കാർ ആന കുത്തിപ്പൊളിച്ച് കേടുവരുത്തുകയും തൊഴുത്തിൽ കെട്ടിയ കന്നുകാലികളെ കൊലപ്പെടുത്തുകയും ചെയ്തു.

ആദിവാസികളോടും അനുകമ്പയില്ലാത്ത പെരുമാറ്റമാണ് വനപാലകർക്കെന്ന് ആക്ഷേപമുണ്ട്. വനംവകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ കാരണം വഴിയും വൈദ്യുതിയുമുൾപ്പെടെ നിഷേധിക്കപ്പെട്ട ആദിവാസി ഊരുകൾ ജില്ലയിലുണ്ട്.

വാഗ്‌ദാനം പാലിക്കാത്ത വകുപ്പ്

 ആനകളെ തടയാൻ വനാതിർത്തിയിൽ കിടങ്ങ് നിർമ്മിക്കാമെന്ന വാഗ്ദാനം വനംവകുപ്പ് പാലിച്ചില്ലെന്ന് നാട്ടുകാർ.

 2017 ഫെബ്രുവരിയിൽ കുട്ടമ്പുഴ പൂയംകുട്ടിയിലെ ജോണി വെങ്ങുരാൻ എന്നയാളെ കാട്ടാന കൊലപ്പെടുത്തിയപ്പോൾ വനംവകുപ്പ് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിച്ചില്ല.

 മലയാറ്റൂർ ‌ഡി.എഫ്.ഒയുടെ നിർദ്ദേശപ്രകാരം കുട്ടമ്പുഴ റേഞ്ച് ഓഫീസർ നാട്ടുകാർക്ക് രേഖാമൂലം എഴുതിക്കൊടുത്ത വാഗ്ദാനവും കാറ്റിൽപ്പറന്നു.