road

ആലുവ: കുഴികളും വെള്ളക്കെട്ടും ആലുവ - പെരുമ്പാവൂർ ദേശസാൽക്കൃത റോഡിൽ യാത്രാ ദുരിതം തീർക്കുന്നു. പല ഭാഗങ്ങളിലും കുഴികൾ അപകടക്കെണിയായി മാറിയിട്ടുണ്ട്.

പമ്പ് കവല മുതൽ മാറമ്പിള്ളി വരെയുള്ള ഭാഗങ്ങളിലാണ് വലുതും ചെറുതുമായ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.മഴ കൂടിയതോടെ കുഴികൾ വലുതായിക്കൊണ്ടിരിക്കുന്നു. പരാതികളെ തുടർന്ന് പൊതുമരാമത്ത് അധികൃതർ ചില ഭാഗങ്ങളിൽ കുഴി അടച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. റോഡിന്റെ പല ഭാഗങ്ങളിലും അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ന്യൂ ഇറ ക്ലിനിക്കിന് സമീപം കുഴികൾ അടച്ചെങ്കിലും ചിന്നിച്ചിതറി കിടക്കുന്ന കരിങ്കൽച്ചീളുകൾ നീക്കുകയോ റോഡിന്റെ വശത്തെ കുഴികൾ അടയ്ക്കുകയോ ചെയ്തിരുന്നില്ല. കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപവും വെള്ളക്കെട്ട് രൂക്ഷമാണ്.
പലയിടങ്ങളിലും വാഹനങ്ങൾ കുഴിയിൽ വീണുള്ള അപകടങ്ങൾ പതിവായിക്കഴിഞ്ഞു. ഇരുചക്ര വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. മഴ പെയ്താൽ കുഴികൾ കാണാനാവാത്തതും അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്.