ആലുവ: ആലുവയെ പ്ലാസ്റ്റിക് മുക്തനഗരമാക്കുന്നതിന്റെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾക്കെതിരെ നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത ഉത്പന്നങ്ങൾ പിടികൂടി. വരും ദിവസങ്ങളിലും പരിശോധന തുടരും.

പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ ആദ്യം 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും മൂന്നാംവട്ടം 50,000 രൂപയും പിഴ ഈടാക്കും. തുടർന്നും ലംഘിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും. ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗ്, മേശകളിൽ വിരിക്കുന്ന ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പ്ലേറ്റുകൾ, കപ്പുകൾ, തെർമ്മോക്കോൾ, സ്റ്റൈറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ, ഒറ്റ തവണ ഉപഭോഗമുളള പ്ലാസ്റ്റിക് കപ്പുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ഡിഷുകൾ, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, ബൗൾ, ക്യാരി ബാഗുകൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് ഫ്‌ളാഗുകൾ, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, പി.ഐ.ടി/ പി.ഇ.ടി.ഇ ബോട്ടിലുകൾ (300 എം.എലിൽ താഴെ), പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്ളക്‌സ് വസ്തുക്കൾ, പ്ലാസ്റ്റിക് പാക്കറ്റുകൾ തുടങ്ങിയവയ്ക്കാണ് നിരോധനമുള്ളത്.