buffer-zone

കൊച്ചി: മലകളും പുഴകളും പുൽപ്രദേശങ്ങളും പരിഗണിക്കാതെ, വന്യജീവി സങ്കേതങ്ങൾക്കുചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയിലെ ആശങ്കകൾ പരിഹരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. വിധി അശാസ്ത്രീയമാണെന്ന് പരിഷത്ത് അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ പ്രത്യേകതകൾ മനസിലാക്കിയുള്ള അതിർത്തിനിർണയം നടത്തണം. 2021 ലെ മാർഗരേഖ പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഖനനം, ക്വാറികൾ, വൻകിട അണക്കെട്ടുകളുടെ നിർമ്മാണം, ചുവപ്പുലിസ്റ്റിൽപ്പെട്ട വ്യവസായങ്ങൾ, മരമില്ലുകൾ എന്നിവയ്ക്ക് നിരോധനവും മറ്റ് പ്രവൃത്തികൾക്ക് നിയന്ത്രണവുമാണ്. ഇവിടെ സ്ഥിരമായ നിർമ്മാണപ്രവൃത്തികൾക്കുകൂടി നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് സുപ്രീംകോടതി പുതിയ വിധിയിലെ 44 - ഇ സെക്‌ഷനിൽ. ഇത് ഈ മേഖലയിലെ കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ളവരുടെ വികസന ആവശ്യങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതാണ്. ഇക്കാര്യത്തിൽ തിരുത്തൽവേണം.

ബഫർസോൺ ശാസ്ത്രീയമായി നിർവചിച്ച്, മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനും അന്തിമതീരുമാനം എടുക്കുന്നതിനും വനാവകാശ കമ്മിറ്റികൾക്കും ഗ്രാമസഭകൾക്കും അധികാരംനൽകിക്കൊണ്ടുള്ള ഉന്നതാധികാര സമിതിയെ പുനർനിർവചിക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.