
കൊച്ചി: ബാങ്ക് ഒഫ് മഹാരാഷ്ട്ര കേരളത്തിൽ ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയാക്കും. അടുത്തമാസം അവസാനത്തോടെ കേരളത്തിൽ എട്ട് പുതിയ ബ്രാഞ്ചുകൾ തുറക്കും. ആറ്റിങ്ങൽ, ചെങ്ങന്നൂർ,ചങ്ങനാശേരി, പാലാ, കോലഞ്ചേരി, മൂവാറ്റുപുഴ, വടകര, പയ്യന്നൂർ എന്നിവിടങ്ങളിലാണിത്.
ലക്ഷദ്വീപിൽ രണ്ട് ബ്രാഞ്ചുകൾ ഉടൻ തുറക്കും. നടപ്പുവർഷം അവസാനത്തോടെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മാർച്ച് 31ന് മുമ്പായി കുറഞ്ഞത് 60 ബ്രാഞ്ചുകൾ കേരളത്തിലുണ്ടാകുമെന്ന് ബാങ്ക് ഒഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എ.എസ്.രാജീവ് പറഞ്ഞു.
ബാങ്ക് ഒഫ് മഹാരാഷ്ട്രയ്ക്ക് 23 ബ്രാഞ്ചുകളാണ് കേരളത്തിലുള്ളത്. കഴിഞ്ഞ വർഷം 13 ബ്രാഞ്ചുകൾ ആരംഭിച്ചിരുന്നു. ബിസിനസ് വളർച്ചയും ബ്രാഞ്ച് വികസനവും ലക്ഷ്യമിട്ട് മേഖലാ ഓഫീസ് കൊച്ചിയിൽ തുറന്നിട്ടുണ്ട്. 25-30 ശതമാനം വരെ ബിസിനസ് വളർച്ചയാണ് നടപ്പുവർഷം ലക്ഷ്യമിടുന്നത്.
നിലവിൽ, കേരളത്തിൽ 5137 കോടി രൂപയുടെ ബിസിനസുണ്ട്. കാസ, റീട്ടെയിൽ അഡ്വാൻസ്, എം.എസ് എം.ഇ, കോർപ്പറേറ്റ് അഡ്വാൻസസ് എന്നിവയിലാണ് കൂടുതൽ ശ്രദ്ധയൂന്നുന്നത്. ഹോം ലോൺ, കാർ ലോൺ, വിദ്യാഭ്യാസ ലോൺ, ഗോൾഡ് ലോൺ എന്നിവയ്ക്ക് മികച്ച നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പലിശനിരക്കിൽ ഇളവോടെ എം.എസ്.എം.ഇകൾക്കായി പ്രത്യേക വായ്പാ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളാ സോണൽ മാനേജർ അരുൺ വിജയൻ, ഡെപ്യൂട്ടി സോണൽ മാനേജർ ഷിബു ജേക്കബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പൊതുമേഖലയിൽ ഒന്നാമത്
2021-22ൽ എല്ലാ പ്രധാന ബിസിനസ് ഘടകങ്ങളിലും പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര ഒന്നാമതാണ്. മാർച്ചിൽ 4.25 ലക്ഷം കോടിയും അടുത്ത സാമ്പത്തിക വർഷം 5.25 ലക്ഷം കോടിയുമാണ് ബാങ്കിന്റെ കോർപ്പറേറ്റ് ലക്ഷ്യം.